indnz

ദുബായ്: ഇന്ത്യക്കെതിരെ മികച്ച വിജയം ലക്ഷ്യമാക്കി മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാന്റിന് ആദ്യ വിക്ക‌റ്റ് നഷ്‌ടമായി. മികച്ച രീതിയിൽ ബാ‌റ്റ് വീശിയ മാർട്ടിൻ ഗപ്‌തിൽ (20) ബുംറയുടെ പന്തിൽ താക്കൂറിന് ക്യാച്ച് നൽകി മടങ്ങി. നിലവിൽ അഞ്ച് ഓവറിൽ ഒരു വിക്ക‌റ്റ് നഷ്‌ടത്തിൽ 30 റൺസ് എന്ന നിലയിലാണ് ന്യൂസിലാന്റ്.

ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് അവസാന ഓവറിൽ ജഡേജ നേടിയ 11 റൺസ് കൊണ്ട് 100 റൺസ് കടക്കാനായി. 20 ഓവറിൽ 7 വിക്ക‌റ്റ് നഷ്‌ടത്തിൽ 110 റൺസാണ് ഇന്ത്യ നേടിയത്.

ഇന്ത്യയ്‌ക്ക് വേണ്ടി പുറത്താകാതെ നിന്ന ജഡേജ (19 പന്തുകളിൽ 26 റൺസ്), ഹാർദ്ദിക് പാണ്ഡ്യ (23) എന്നിവരാണ് പിടിച്ചുനിന്നത്. മുൻനിര ബാ‌റ്റ്‌സ്‌മാന്മാരെല്ലാം കൂ‌റ്റനടികൾക്ക് ശ്രമിച്ച് വിക്ക‌റ്റുകൾ നഷ്‌ടപ്പെടുത്തുന്ന കാഴ്‌ചയാണ് ഇന്ന് ദുബായ് അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിൽ കണ്ടത്.

കളി ആരംഭിച്ച് വൈകാതെ ട്രെൻഡ് ബോൾട്ടിന്റെ പന്തിൽ ‌ഡാരിൽ മിച്ചലിന് ക്യാച്ച് നൽകി കിഷൻ(4) വേഗം മടങ്ങി. ആറാം ഓവറിൽ മ‌റ്റൊരു ഓപ്പണർ രാഹുൽ(18) പുറത്തായി. തുടർന്ന് വൺ ഡൗണായി ഇറങ്ങിയ രോഹിത് ശർമ്മ(14) എട്ടാം ഓവറിൽ കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായി. പിന്നാലെ ക്യാപ്‌റ്റൻ കൊഹ്‌ലി(9), പന്ത്(12) എന്നിവരും പുറത്തായി. ഒരറ്റത്ത് പിടിച്ചുനിൽക്കാൻ ശ്രമിച്ച ഹാർദ്ദിക് പാണ്ഡ്യ (23), ധാക്കൂ‌‌ർ(0) എന്നിവർ പിന്നാലെ മടങ്ങി. ജഡേജ (26),ഷമി(0)എന്നിവർ പുറത്താകാതെ നിന്നു.

ന്യൂസിലാന്റിന് വേണ്ടി നാല് ഓവറിൽ 20 റൺസ് വഴങ്ങി ട്രെൻഡ് ബോൾട്ട് മൂന്ന് വിക്ക‌റ്റുകൾ നേടി. പിറന്നാൾകാരൻ ഇഷ് സോധി നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി രണ്ട് വിക്ക‌റ്റുകൾ നേടി. നേരത്തെ ടോസ് നേടിയ ന്യൂസിലാന്റ് ഫീൽഡിംഗ് തിരഞ്ഞെടുത്തു. സൂര്യകുമാർ യാദവ്, ഭുവനേശ്വർ കുമാർ എന്നിവർ ഇന്ന് അന്തിമ ഇലവനിൽ നിന്ന് പുറത്തായി. പകരം വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ, ഓൾ റൗണ്ടർ ശാർദ്ദൂൽ ധാക്കൂർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.

ഇന്നത്തെ മത്സരം ഇന്ത്യയ്ക്കും ന്യൂസിലാന്റിനും നിർണായകമാണ് കിഷനും കെ.എൽ രാഹുലുമാണ് ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ന്യൂസിലാന്റ് ടീമിൽ കീപ്പർ സീഫർട്ടിന് പകരം കോൺവെ വിക്കറ്റ് കീപ്പറാകും.ആദം മിൽനെയാണ് സീഫർട്ടിന് പകരം അന്തിമ ഇലവനിൽ ഉൾപ്പെട്ടത്.