ചെന്നെെ: ക്ഷേത്രങ്ങൾ വഴി സർക്കാർ നൽകുന്ന അന്നദാനത്തിൽ പങ്കെടുക്കാൻ ജാതിയുടെ പേരിൽ അവസരം നിഷേധിക്കപ്പെട്ട യുവതിക്കൊപ്പം ഭക്ഷണം കഴിച്ച് തമിഴ്നാട് ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെന്റ് (എച്ച്.ആർ & സി.ഇ) മന്ത്രി പി.കെ. ശേഖർ ബാബു. മന്ത്രി വെള്ളിയാഴ്ച ക്ഷേത്രത്തിലെത്തിയാണ് വിവേചനം നേരിടുന്ന സ്ത്രീക്കും അവരുടെ സമുദായാംഗങ്ങൾക്കും ഒപ്പം ഉച്ചഭക്ഷണം കഴിച്ചത്. മാമല്ലപുരത്തിനടുത്തുള്ള ഒരു ക്ഷേത്രത്തിലെ അന്നദാന ചടങ്ങിൽ ആദിവാസിയായ നരിക്കുറവ സമുദായത്തിലെ സ്ത്രീക്ക് ഭക്ഷണം നിഷേധിച്ചതായി പരാതിപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഓഫീസാണ് വീഡിയോയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതെന്ന് മുതിർന്ന എച്ച്.ആർ & സി.ഇ ഉദ്യോഗസ്ഥൻ പറഞ്ഞു. ഉടൻ, ഞങ്ങൾ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും സ്ത്രീയെ കണ്ടെത്താൻ ഞങ്ങളുടെ പ്രാദേശിക ഉദ്യോഗസ്ഥരോട് ഉത്തരവിടുകയും ചെയ്തു. വെള്ളിയാഴ്‌ച, ഞങ്ങൾ സ്ത്രീയെ ക്ഷണിക്കുകയും, മന്ത്രി അവരോടൊപ്പം ഭക്ഷണം കഴിക്കാൻ വകുപ്പിലെ ഉദ്യോഗസ്ഥർക്കൊപ്പം അവിടെ പോകുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരമൊരു സംഭവം നടക്കാൻ പാടില്ലായിരുന്നുവെന്ന് പി.കെ. ശേഖർ ബാബു പ്രതികരിച്ചു. “അനിഷ്‌ടമായ ഒരു സംഭവം... നിർഭാഗ്യവശാൽ... എന്തായാലും അവരെല്ലാം ഇപ്പോൾ സന്തുഷ്ടരാണെന്ന് എനിക്കറിയാം. ഇന്നലെ നടന്ന അന്നദാനത്തിൽ എന്നോടൊപ്പം ഭക്ഷണം പങ്കിടാൻ സമൂഹത്തിൽ നിന്ന് നൂറോളം പേർ ഉണ്ടായിരുന്നതായും അദ്ദേഹം ശനിയാഴ്ച പറഞ്ഞു.
സർക്കാർ നിയന്ത്രണത്തിലുള്ള പല ക്ഷേത്രങ്ങളിലും, ഒരു ദിവസം ഒരു ലക്ഷത്തിലധികം പേർക്ക് ഭക്ഷണം നൽകുന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച അന്നദാനത്തിൽ വിവേചനം ഉണ്ടായത് സർക്കാരിനെ പ്രകോപിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ക്ഷേത്രങ്ങളുടെ പൊതു അക്കൗണ്ടിൽ നിന്നാണ് ഇതിനായുള്ള പണം നല്‍കുന്നത്. എച്ച്.ആർ & സി.ഇക്ക് കീഴിൽ സംസ്ഥാനത്തെ 800 ക്ഷേത്രങ്ങളിൽ ഓരോന്നിലും 10 മുതൽ 5,000 വരെ ഗുണഭോക്താക്കളുമായി ഈ പദ്ധതി മുന്നോട്ട് പോകുന്നതായും റിപ്പോർട്ടുകൾ പറയുന്നു.