കുവൈറ്റ് സിറ്റി : അഞ്ചു വർഷത്തോളം മകളുടെ മൃതദേഹം വീട്ടിലെ ബാത്ത്റൂമിൽ ഒളിപ്പിച്ചുവച്ച അറുപതുകാരിയെ പൊലീസ് അറസ്റ്റുചെയ്തു. കുവൈറ്റിലെ സാല്‍മിയയിലാണ് സംഭവം. അറുപതുകരിയുടെ മകനാണ് ഇത് സംബന്ധിച്ച് പൊലീസിന് സൂചന നൽകിയത്. ഇതനുസരിച്ച് വീട്ടിലെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ ഉപയോഗിക്കാതെ അടച്ചിട്ട ബാത്ത്റൂമില്‍ നിന്ന് അസ്ഥികൂടം കണ്ടെടുക്കുകയായിരുന്നു.
21 കാരനായ മകൻ പൊലീസ് സ്റ്റേഷനിലെത്തി തന്റെ സഹോദരിയെ അമ്മ 2016ല്‍ കൊലപ്പെടുത്തിയെന്നും വീട്ടിലെ ബാത്ത്‍റൂമില്‍ മൃതദേഹം ഒളിപ്പിച്ചുവെന്നും അറിയിക്കുകയായിരുന്നു. എന്നാൽ വീട്ടിലെത്തിയ പൊലീസ് സംഘത്തെ പരാതിക്കാരനായ യുവാവിന്റെ സഹോദരനും അമ്മയും ചേര്‍ന്ന് തടഞ്ഞു. തുടർന്ന് കോടതിയിൽ നിന്ന് വാറണ്ടുമായെത്തിയ പൊലീസ് പരിശോധന നടത്തുകയായിരുന്നു.അപ്പാര്‍ട്ട്മെന്റില്‍ നിന്ന് മൃതദേഹ അവശിഷ്‍ടങ്ങള്‍ കിട്ടിയതോടെ അമ്മയും പൊലീസിനെ തടഞ്ഞ മകനും അറസ്റ്റിലായി. ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. മൃതദേഹ അവശിഷ്‍ടങ്ങള്‍ ശാസ്‍ത്രീയ പരിശോധനയ്‍ക്കായി ഫോറന്‍സിക വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
മകളെ താന്‍ മുറിയില്‍ പൂട്ടിയിട്ടിരുന്നെങ്കിലും കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് അമ്മയുടെ മൊഴി. വീട്ടില്‍ നിന്ന് പുറത്തുപോകുന്നത് തടയാനും മര്യാദ പഠിപ്പിക്കാനുമാണ് മകളെ പൂട്ടിയിട്ടതെന്നും ഇവര്‍ പറഞ്ഞു. മകള്‍ മരിച്ചതോടെ പേടി കാരണം സംഭവം ആരോടും പറഞ്ഞില്ലെന്നാണ് ഇവരുടെ വാദം.പ്രതിയും ഭര്‍ത്താവും അഞ്ച് വര്‍ഷം മുമ്പ് വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു.