ഭോപാൽ: ഇന്ധനവില വർദ്ധനവിൽ രാജ്യത്തെ ജനങ്ങൾ നട്ടം തിരിയുന്നതിനിടെ ന്യായീകരണവുമായി ബി.ജെ.പി നേതാവും മദ്ധ്യപ്രദേശ് മന്ത്രിയുമായ മഹേന്ദ്ര സിംഗ് സിസോദിയ. ജനങ്ങളുടെ വരുമാനം വർദ്ധിച്ചതിനാൽ സാധനങ്ങളുടെ വിലക്കയറ്റം അവർ അംഗീകരിക്കേണ്ടിവരുമെന്നും അവർക്ക് ദശാബ്ദങ്ങൾ പഴക്കമുള്ള ഇന്ധന വില ചോദിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ധനവില കുറയ്ക്കുമെന്നടക്കമുളള മോഹന വാഗ്ദാനങ്ങൾ നൽകി അധികാരത്തിൽ കടന്നുകൂടിയ മോദി സർക്കാർ വന്നതിന് ശേഷം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വർദ്ധനവാണ് ഇന്ധനവിലയിൽ ഉണ്ടായിട്ടുളളത്.
സാധാരണക്കാരന്റെ വരുമാനം വർദ്ധിച്ചില്ലേ? സർക്കാരിന് എല്ലാം സൗജന്യമായി നൽകാൻ കഴിയില്ല. സർക്കാരിന്റെ മുഴുവൻ വരുമാനവും ഇന്ധനത്തിൽ നിന്നാണ്. എല്ലാ പദ്ധതികൾക്കും എണ്ണ വരുമാനം വഴി ഫണ്ട് നൽകുന്നതായും സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ സിസോദിയ മറുപടി നൽകി. വരുമാനം ഉയരുകയാണെങ്കിൽ വിലക്കയറ്റവും ഏറ്റുവാങ്ങേണ്ടിവരുമെന്ന് ജനങ്ങൾ മനസിലാക്കണം. പത്ത് വർഷം മുമ്പ് 6000 രൂപ സമ്പാദിച്ചിരുന്നെങ്കിൽ ഇപ്പോൾ 50,000 രൂപ സമ്പാദിക്കുന്നുവെന്ന് നിങ്ങൾക്ക് പറയാനാകില്ല, എന്നാൽ 10 വർഷം മുമ്പത്തെ അതേ നിരക്കിൽ പെട്രോൾ ഡീസൽ വേണം. ഇത് ഒട്ടും സാദ്ധ്യമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
#WATCH | "Hasn't income of the common man increased? Govt can't give everything for free. People should understand that if their income is rising, then they will have to accept inflation also," says Madhya Pradesh Minister Mahendra Singh Sisodia in Indore pic.twitter.com/kpTdogH0Rh
— ANI (@ANI) October 31, 2021
അതേസമയം, തുടർച്ചയായ അഞ്ചാം ദിവസവും പെട്രോൾ, ഡീസൽ വില വർദ്ധിച്ചു. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 109.34 രൂപയായപ്പോൾ ഡീസലിന് 98.07 രൂപയായി. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന മുംബയിൽ ചില്ലറ വിൽപനയിൽ പെട്രോളിന് ലിറ്ററിന് 115.51 രൂപയും ഡീസലിന് 106.23 രൂപയുമാണ് ഇന്നത്തെ വില.