kk

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് സിനിമ പ്രഖ്യാപിച്ചതോടെയാണ് മലബാർ സമരനായകൻ എന്നറിയപ്പെടുന്ന വാരിയംകുന്നൻ വിവാദങ്ങളിൽ ഇടംപിടിച്ചത്. തുടർന്ന് സിനിമയിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറിയിരുന്നു. മാപ്പിള ലഹളയുമായി ബന്ധപ്പെട്ട് വാരിയംകുന്നൻ ഹിന്ദുക്കളെ കൊന്നൊടുക്കിയതായും നിരവധി പേരെ മതപരിവർത്തനം ചെയ്തതായും വിവിധ കോണുകളിൽ നിന്ന് ആരോപണങ്ങളുയർന്നിരുന്നു. എന്നാൽ ഹിന്ദുക്കളെ വ്യാപകമായി നിർബന്ധിത പരിവർത്തനം നടത്തിയത് ബ്രിട്ടീഷ് ചാരന്മാരാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. ആഷിഖ് അബു സംവിധാനം ചെയ്യാനിരുന്ന വാരിയംകുന്നൻ സിനിമയുടെ സഹരചയിതാക്കളിലൊരാളും തിരക്കഥാകൃത്തുമായ റമീസ് മുഹമ്മദ് രചിച്ച സുൽത്താൻ വാരിയംകുന്നൻ എന്ന പുസ്‌തകത്തിലാണ് ഇത് സംബന്ധിച്ച്പറയുന്നത്.

1921 ൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫ്രണ്ട്‌സ് ഓഫ് ഫ്രീഡം ഓഫ് അമേരിക്ക എന്ന അമേരിക്കൻ സംഘടനക്ക് അയച്ച കത്തിലാണ് നിർബന്ധിത മതപരിവർത്തങ്ങൾക്ക് പിന്നിൽ ബ്രിട്ടീഷ് ചാരന്മാർ ആണെന്ന് പറയുന്നത്. ഇതിന്റെ പകർപ്പും പുസ്‌തകത്തിൽ ചേർത്തിട്ടുണ്ട്. അന്നത്തെ രണ്ട് പ്രമുഖ അമേരിക്കൻ ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച കത്താണത്. "ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനം ചെയ്യുന്നു എന്ന ചില കേസുകളെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചു . എന്നാൽ ശരിയായ അന്വേഷണത്തിന് ശേഷം ഇതിലെ ഉപജാപം എനിക്ക് ബോധ്യപ്പെട്ടു. ഈ കുറ്റങ്ങൾ ചെയ്ത കിരാതർ, ബ്രിട്ടീഷ് റിസർവ് പോലീസിന്റെയും ബ്രിട്ടീഷ് ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റിന്റെയും ആളുകളാണ്. അവർ ഞങ്ങൾക്ക് ദുഷ്പ്പേരുണ്ടാക്കാൻ വേണ്ടി ഞങ്ങളുടെ പേരും പറഞ്ഞ് അത്തരം നിന്ദ്യമായ കാര്യങ്ങൾ ചെയ്യുകയാണ്. ഈ ബ്രിട്ടീഷ് ചാരന്മാർക്കിടയിൽ ഹിന്ദുക്കളും മാപ്പിളമാരും ക്രിസ്ത്യാനികളും എല്ലാമുണ്ട്. അവർക്കെല്ലാം അവർ അർഹിക്കുന്ന വധശിക്ഷ തന്നെ നൽകിയിട്ടുണ്ട്. " - എന്നാണ് കത്തിൽ പറയുന്നത്.

ബ്രിട്ടീഷുകാർക്കെതിരായ സമരത്തെക്കുറിച്ചും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. "ഞങ്ങൾ ഇംഗ്ലണ്ടുമായി യുദ്ധത്തിലാണ്. ഞങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയാണ്. അമേരിക്കയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അമേരിക്കക്കാർ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ചെയ്തത് തന്നെയാണ് ഞങ്ങളും ചെയ്യുന്നത്. അതുകൊണ്ട് തന്നെ, ശത്രുവിന് സഹായമോ സ്വാസ്ഥ്യമോ നൽകുന്ന ഏതൊരുത്തനും, അയാളുടെ സാമൂഹികപദവിയോ മതമോ നോക്കാതെ കഠിനമായി തന്നെ കൈകാര്യം ചെയ്യപ്പെടും. അതിനാൽ, വാഷിംഗ്ടണെന്ന മഹാപ്രദേശത്തിലെ ഉൽകൃഷ്ഠരായ ജനം, മലബാറിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ മുഴുവൻ സത്യവും അറിയാൻ അവസരം ലഭിക്കുന്നതുവരെ തങ്ങളുടെ വിധിതീർപ്പുകൾ നീട്ടിവയ്ക്കുക" കത്തിൽ വാരിയംകുന്നൻ പറയുന്നു.

കഴിഞ്ഞ ദിവസമാണ് സുൽത്താൻ വാരിയംകുന്നൻ എന്ന പുസ്തകം പ്രകാശനം ചെയ്തത്. വാരിയംകുന്നന്റെ പേരമകൾ ഹാജറയാണ് പുസ്തകം പ്രകാശനം ചെയ്തത്.