മലപ്പുറം: പ്രളയങ്ങൾക്ക് ശേഷം ആദ്യമായി മഴക്കുറവോടെ, മൺസൂൺ സീസണിന് വിട. കാലവർഷം അവസാനിക്കുമ്പോൾ ഇക്കൊല്ലം 16 ശതമാനം മഴക്കുറവാണ് കേന്ദ്ര കാലാവസ്ഥാനിരീക്ഷണവകുപ്പ് രേഖപ്പെടുത്തിയത്. ജൂൺ മുതൽ സെപ്തംബർ വരെ ലഭിച്ചത് 1,715.2 മില്ലീമീറ്റർ. ശരാശരി 2,041 മില്ലീമീറ്റർ പ്രതീക്ഷിച്ചപ്പോഴാണിത്. കഴിഞ്ഞ വർഷം 2,229.9 മില്ലീമീറ്റർ മഴ കിട്ടി. പ്രതീക്ഷിച്ചത് 2,049.2 മില്ലീമീറ്ററും.
കോട്ടയം, പത്തനംതിട്ട ഒഴികെ മറ്റെല്ലാ ജില്ലകളും മഴക്കുറവിലാണ്. വയനാട്ടിലാണ് ഏറ്റവും കുറവ് - 31ശതമാനം. പാലക്കാട്, മലപ്പുറം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 20 ശതമാനത്തിന് മുകളിൽ മഴക്കുറവുണ്ട്. കഴിഞ്ഞ മൂന്നു വർഷവും സംസ്ഥാനത്ത് മഴ കൂടുതലായിരുന്നു. ആദ്യപ്രളയത്തിന് സാക്ഷ്യം വഹിച്ച 2018ൽ 23ഉം, 2019ൽ 13ഉം 2020ൽ ഒമ്പതും ശതമാനം മഴക്കൂടുതൽ രേഖപ്പെടുത്തിയിരുന്നു.
39 വർഷത്തിനിടെ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂണായിരുന്നു ഇത്- 408 മില്ലീമീറ്റർ. ശരാശരി 643 മില്ലീമീറ്റർ ലഭിക്കേണ്ടപ്പോഴാണിത്. 36 ശതമാനം കുറവ്. 1983ൽ 322.8 മില്ലീമീറ്റർ, 2019ൽ 358.5 എന്നിങ്ങനെയായിരുന്നു കുറവ്. കഴിഞ്ഞ രണ്ട് വർഷം ജൂൺ, ജൂലായ് മാസങ്ങളിൽ മഴ കുറയുകയും ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ കൂടുതൽ ലഭിക്കുകയുമാണ് ചെയ്തിരുന്നത്. ഇത്തവണ അതും തെറ്റി.
മഴ കുറഞ്ഞത്
മേയിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി ശക്തമായ വേനൽ മഴ ലഭിച്ചതാണ് മൺസൂൺ മഴ കുറയാൻ കാരണമെന്ന് കാലാവസ്ഥാഗവേഷകർ പറയുന്നു. പത്ത് വർഷങ്ങൾക്കിപ്പുറം ഏറ്റവും കൂടുതൽ മേനൽ മഴ കിട്ടി. കിഴക്കൻ കാറ്റിന്റെ ശക്തി വർദ്ധിച്ചതും ഈർപ്പമുള്ള വായു പ്രവാഹം കൂടിയതും ലാ നിന പ്രതിഭാസം സജീവമാകാത്തതും അധിക വേനൽ മഴയ്ക്ക് കാരണമായി. കിഴക്കൻ കാറ്റിന്റെ ശക്തിയും ന്യൂനമർദ്ദങ്ങളുടെ എണ്ണവും കൂടിയത് തുലാവർഷം ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.
ജൂൺ മുതൽ സെപ്തം. 29
വരെ ലഭിച്ച മഴ
(മില്ലീമീറ്റർ)
(ലഭിച്ച മഴ, പ്രതീക്ഷിച്ചത് ,ശതമാനം)
തിരുവനന്തപുരം: 754.5, 858.7 ,13
കൊല്ലം: 1,148, 1,274 ,10
പത്തനംതിട്ട: 1,684 1,611, 5
കോട്ടയം 2156, 1864, 16
ഇടുക്കി: 2,106, 2,602 ,19
ആലപ്പുഴ: 1,487, 1,716.4 ,3
എറണാകുളം: 1,899, 2,028 .6
തൃശൂർ: 1,778 ,2,274 ,22
പാലക്കാട്: 1,132, 1,526 -26
മലപ്പുറം : 1,550 ,1,998 ,23
കോഴിക്കോട്: 2,285, 2,568 ,11
വയനാട് : 1,726 2,516 ,31
കണ്ണൂർ : 2,061 2,630 ,22
കാസർകോട്: 2,390 ,2,965 ,19
മൺസൂണിൽ ന്യൂനമർദ്ദ പാത്തി ദുർബലമായിരുന്നു. ജൂൺ, ജൂലായ് മാസങ്ങളിൽ മഴ കുറയാൻ ഇത് കാരണമായി. മൈനസ് 19 വരെ നോർമ്മൽ മഴയായാണ് കണക്കാക്കുന്നത്.
കെ. സന്തോഷ്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ
മൺസൂൺ സ്ഥായിയായ രൂപത്തിൽ ഒരിക്കലും കിട്ടില്ല. ഓരോ സീസണുകൾ തമ്മിലും വ്യത്യാസം വന്നേക്കാം. ശരാശരി മഴ ലഭിച്ചതിനാൽ കാർഷിക മേഖലയെ അത്രത്തോളം ബാധിക്കില്ല.
ഡോ. ഗോപകുമാർ ചോലയിൽ,
കാലാവസ്ഥാ ഗവേഷകൻ