നിലമ്പൂർ - രാജ്യറാണി എക്സ്പ്രസ് ട്രെയിനിന് ടിക്കറ്റ് ലഭിക്കാൻ ചുരുങ്ങിയത് ഒരാഴ്ച മുമ്പെങ്കിലും ബുക്ക് ചെയ്യണം. തത്‌കാൽ ടിക്കറ്റാണ് ലക്ഷ്യമെങ്കിൽ ബുക്കിംഗ് കൗണ്ടറിൽ നേരത്തെ സ്ഥാനം പിടിക്കേണ്ടിയും വരും. കൊവിഡിന് മുമ്പ് സീറ്റുകളെല്ലാം നിറഞ്ഞായിരുന്നു രാജ്യറാണിയുടെ യാത്ര. ജനറലിൽ കാല് കുത്താനുള്ള ഇടമുണ്ടാവില്ല. കൊവിഡിന് ശേഷം സർവീസ് പുനഃരാരംഭിച്ചപ്പോൾ എല്ലാ റൂട്ടുകളിലും സംഭവിച്ചത് പോലെ യാത്രക്കാരുടെ എണ്ണത്തിൽ രാജ്യറാണിയിലും കുറവുണ്ടായി. ഈ സമയത്തും മറ്റ് പല ട്രെയിനുകളിൽ ഉള്ളതിനേക്കാൾ യാത്രക്കാർ രാജ്യറാണിയിലുണ്ട്. വസ്തുത ഇതാണെങ്കിലും കണ്ണടച്ച് ഇരുട്ടാക്കുകയാണ് റെയിൽവേ അധികൃതർ. രാജ്യറാണിയുടെ സർവീസ് നഷ്ടം വരുത്തുന്നെന്ന് ചൂണ്ടിക്കാട്ടി നിലമ്പൂരിലേക്കുള്ള യാത്ര വെട്ടിച്ചുരുക്കി ഷൊർണ്ണൂരിൽ നിന്നാക്കാനുമാണ് രഹസ്യനീക്കം നടത്തുന്നത്. റെയിൽവേ സ്റ്റേഷനുകളിലെ സ്റ്റേഷൻ മാസ്റ്റർമാരുടെ കുറവാണ് യഥാർത്ഥ പ്രശ്നമെങ്കിലും ഇത് പരിഹരിക്കാതെ ട്രെയിൻ സർവീസ് തന്നെ നിറുത്താനാണ് അധികൃതരുടെ നീക്കം. റെയിൽവേയുടെ ഈ നീക്കം യാത്രക്കാരെ മാത്രമല്ല നിരവധി കാൻസർ രോഗികളെയും ദുരിതത്തിലാക്കും. മലബാറിൽ കാൻസർ ചികിത്സയ്ക്ക് സർക്കാർ മേഖലയിൽ മികച്ച ആശുപത്രികളുടെ അഭാവവും രോഗികളുടെ വർദ്ധിച്ച എണ്ണവും മൂലം തിരുവനന്തപുരം ആർ.സി.സിയിൽ എത്തുന്നവരുടെ എണ്ണം ഒട്ടും ചെറുതല്ല. രാത്രിയിൽ ട്രെയിൻ കയറിയാൽ പുലർച്ചെ കൊച്ചുവേളിയിലെത്താം. ഇവിടെനിന്ന് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസിൽ മെഡിക്കൽ കോളേജിന്റെ മുന്നിലിറങ്ങാം. കാൻസർ രോഗികൾക്ക് ട്രെയിൻ യാത്ര സൗജന്യവും കൂടെ പോകുന്നവർക്ക് ടിക്കറ്റ് നിരക്കിൽ ഇളവുമുണ്ട്. കെ.എസ്.ആർ.ടി.സി കൂടി സർവീസ് നടത്തുന്നതിനാൽ കുറഞ്ഞ ചെലവിലും പ്രയാസങ്ങളില്ലാതെയും ആർ.സി.സിയിൽ എത്താം.
അവഗണനയുടെ പ്രതീകം
രാജ്യറാണിയുടെ സർവീസ് തുടങ്ങിയപ്പോൾ നിലമ്പൂരിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കായിരുന്നു യാത്ര. തമ്പാനൂരിൽ എത്തുന്നതിനാൽ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനും എളുപ്പമായിരുന്നു. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിറുത്തിയിടാൻ സ്ഥലമില്ലെന്ന് ചൂണ്ടിക്കാട്ടി രാജ്യറാണിയുടെ യാത്ര കൊച്ചുവേളിയിലേക്ക് മാറ്റി. പുലർച്ചെ കൊച്ചുവേളിയിൽ എത്തുന്നതിനാൽ പ്രത്യേക സർവീസായ കെ.എസ്.ആർ.ടി.സിയെ മാത്രമേ ആശ്രയിക്കാനാവൂ. യാത്രക്കാരുടെ എണ്ണക്കൂടുതൽ മൂലം ബസിൽ കാൽകുത്താൻ ഇടമില്ലാത്ത അവസ്ഥയാണ്. കെ.എസ്.ആർ.ടി.സി സർവീസ് മുടങ്ങുമ്പോൾ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ടിവരും. അവസരം മുതലെടുത്ത് കൊള്ള നിരക്കാണ് ഇവർ ഈടാക്കുന്നത്. നിർദ്ധനരായ കാൻസർ രോഗികളടക്കം ഇവരുടെ ചൂഷണത്തിന് ഇരയാവണം. രാജ്യറാണിയുടെ യാത്ര സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് നീട്ടണമെന്ന യാത്രക്കാരുടെ ആവശ്യത്തോട് മുഖം തിരിക്കുകയാണ് റെയിൽവേ. രാജ്യറാണി നിറുത്തലാക്കിയാൽ ഈ ദുരിതം പല ഇരട്ടിയായി വർദ്ധിക്കും. ഷൊർണ്ണൂരിലെത്തി വേണം തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറാൻ. ഇത് പലപ്പോഴും പ്രായോഗികവുമാവില്ല.
നിലമ്പൂർ - ഷൊർണ്ണൂർ റൂട്ടിലെ റയിൽവേ സ്റ്റേഷനുകളിലെ സ്റ്റേഷൻ മാസ്റ്റർമാരുടെ എണ്ണക്കുറവ് പരിഹരിക്കാൻ ഇതുവരെ നടപടിയെടുത്തിട്ടില്ല. പകരം ഏറെക്കാലം നീണ്ട പരിശ്രമങ്ങൾക്കും കാത്തിരുപ്പിനും ഒടുവിൽ അനുവദിച്ച രാജ്യറാണി സർവീസ് നിറുത്തലാക്കാണ് നീക്കം. സർവീസ് ഷൊർണ്ണൂരിലേക്ക് മാറ്റുന്നതോടെ ഫലത്തിൽ ട്രെയിൻ കൊണ്ടുള്ള ഉപകാരം തന്നെ ഇല്ലാതാവും. രാജ്യറാണിയുടെ യാത്രക്കാരിൽ പകുതിയിലേറെ പേരും കയറുന്ന സ്റ്റേഷനുകൾ നിലമ്പൂർ ഷൊർണൂർ റൂട്ടിലാണ്. 2007 ൽ രണ്ട് പാസഞ്ചറുകൾ മാത്രം ഓടിയിരുന്ന കാലത്തും നഷ്ടക്കണക്ക് പറഞ്ഞ് പാതയെ ഉപേക്ഷിക്കാൻ നീക്കം നടന്നിരുന്നു. അന്ന് ജനകീയ ഇടപെടലിനെ തുടർന്നാണ് കൂടുതൽ ട്രെയിനുകൾ അനുവദിച്ചതും നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതും.
സ്‌പെഷ്യലുകൾ ഓടാനും മടി
ഏറെ ചരിത്രപ്രാധാന്യമുള്ള റെയിൽവേറൂട്ടാണ് 66 കിലോമീറ്ററുള്ള നിലമ്പൂർ - ഷൊർണ്ണൂർ റെയിൽപാത. സ്വതന്ത്ര്യത്തിന് മുമ്പ് നിർമ്മിച്ച പാതയാണിത്. കാലപ്പഴക്കത്തിന്റെ കാര്യത്തിൽ മാത്രമാണ് മുന്നിൽ. ട്രെയിൻ സർവീസുകളുടെ കാര്യത്തിൽ ഇപ്പോഴും പിന്നിലാണ്. യാത്രക്കാർ ഇല്ലാഞ്ഞിട്ടല്ല, കാലങ്ങളായി നിലമ്പൂരിനോട് റെയിൽവേയുടെ ചിറ്റമ്മ നയമാണ് കാരണം. കൊവിഡിനെ തുടർന്ന് 2020 മാർച്ച് 23ന് ആണ് ഈ റൂട്ടിൽ ട്രെയിൻ സർവീസ് നിറുത്തിയത്. നിലവിൽ പകലിൽ ഒരുവണ്ടി പോലും സർവീസ് നടത്തുന്നില്ല. രാജ്യത്തെ എവിടെയും പാസഞ്ചർ ട്രെയിനുകൾ ഓടുന്നില്ലെന്നും സ്പഷ്യൽ എക്‌സ്പ്രസ് ട്രെയിനുകളാണ് സർവീസ് നടത്തുന്നതെന്നുമാണ് റെയിവേയുടെ ന്യായീകരണം. 200 കിലോമീറ്ററിന് മുകളിൽ സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനുകളെ എക്‌സ്‌പ്രസ് വിഭാഗത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. ഇതോടെ നേരത്തെ സർവീസ് നടത്തിയിരുന്ന നിലമ്പൂർ- കോട്ടയം പാസഞ്ചർ എക്‌സ്‌പ്രസ് ട്രെയിനായി ഉയർത്തപ്പെടുകയും ചെയ്തു. രാജ്യത്ത് ഇത്തരത്തിൽ ഉയർത്തപ്പെട്ട ട്രെയിനുകളെല്ലാം സർവീസ് തുടങ്ങിയപ്പോൾ നിലമ്പൂർ - കോട്ടയം എക്‌സ്പ്രസിന് മാത്രം ഇതു ബാധകമല്ല. നിലമ്പൂർ -ഷൊർണൂർ പാതയോടുള്ള ഈ അവഗണനയ്‌ക്കെതിരെ നിലമ്പൂർ-മൈസൂരു റെയിൽവേ ആക്ഷൻ കൗൺസിൽ, രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ എന്നിവ പ്രതിഷേധം കനപ്പിച്ചതോടെയാണ് ദക്ഷിണ റെയിൽവേ മാനേജരുടെ ഓഫിസിലെ ഡപ്യൂട്ടി ചീഫ് ഓപ്പറേറ്റിംഗ് മാനേജർ പുതിയ കോട്ടയം-നിലമ്പൂർ സ്‌പെഷൽ എക്‌സ്‌പ്രസ് സർവീസ് ആരംഭിക്കാൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ഒക്ടോബർ ഏഴ് മുതൽ സർവീസ് തുടങ്ങും. രാത്രി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന രാജ്യറാണി എക്‌സ്‌പ്രസ് മാത്രമാണ് നിലവിൽ ഈ റൂട്ടിൽ ഓടുന്ന ഏക ട്രെയിൻ. കൊവിഡിനു മുമ്പ് ഏഴ് ജോഡി ട്രെയിനുകളാണ് പാതയിലൂടെ ഓടിയിരുന്നത്. എന്നാൽ, ഇതുവരെ പുനഃസ്ഥാപിച്ചത് രാജ്യറാണി എക്‌സ്‌പ്രസ് മാത്രം. ഇതും രാത്രിയാണ് ഓടുന്നത്. കൊവിഡിനു മുമ്പ് ദിവസം അയ്യായിരത്തിലധികം യാത്രക്കാരാണ് പാത ഉപയോഗിച്ചിരുന്നത്.