മഞ്ചേരി: ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എൻജിനിയറിൽ നിന്ന് പി.വി.അൻവർ എം.എൽ.എ 50 ലക്ഷം തട്ടിയെന്ന കേസിൽ 13ന് സമ്പൂർണ കേസ് ഡയറി ഹാജരാക്കാൻ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് എസ്. രശ്മി ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി. എം.എൽ.എയ്ക്കെതിരെ പ്രഥമദൃഷ്ട്യാ വഞ്ചനയ്ക്ക് തെളിവുണ്ടെന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ നടന്ന വാദത്തിനിടെ, എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യം വാദിഭാഗം ഉയർത്തിയതിനെ തുടർന്നാണ് കോടതി ഉത്തരവ്.
കോടതി നിർദ്ദേശിച്ച പ്രകാരം ക്രൈംബ്രാഞ്ച് കേസ് ഡയറി ഹാജരാക്കിയില്ലെന്നും മുമ്പ് മഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറി മാത്രമാണ് ഹാജരാക്കിയതെന്നും പരാതിക്കാരൻ വാദിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം 2018 ഡിസംബർ 13ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് രണ്ടു വർഷത്തെ അന്വേഷണത്തിന്റെ കേസ് ഡയറി സമർപ്പിച്ചിട്ടില്ല.
ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ മംഗലാപുരത്തെ തുർക്കളിഗെ സ്റ്റോൺ ക്രഷറിന്റെ പേരാണ് പറയുന്നത്. എന്നാൽ അൻവർ കെ.ഇ സ്‌റ്റോൺ ക്രഷർ എന്ന സ്ഥാപനത്തിന്റെ പേരിലാണ് 50 ലക്ഷം വാങ്ങി പരാതിക്കാരനായ നടുത്തൊടി സലീമുമായി കരാർ ഉണ്ടാക്കിയത്. ഈ സ്ഥാപനത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ മൗനം പാലിക്കുകയാണ്. അന്വേഷണം അട്ടിമറിച്ച് എം.എൽ.എയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും പരാതിക്കാരൻ വാദിച്ചു.
മംഗലാപുരം ബൽത്തങ്ങാടി താലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷർ പി.വി അൻവറിന് വിൽപ്പന നടത്തിയ കാസർകോട് സ്വദേശി കെ.ഇബ്രാഹിമിന്റെ മൊഴി 15ന് ഡിവൈ.എസ്.പി രേഖപ്പെടുത്തിയിരുന്നു. ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കറും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് അൻവർ 50 ലക്ഷം വാങ്ങിയതെന്ന് പ്രവാസി എൻജിനിയർ മലപ്പുറം പട്ടർക്കടവ് സ്വദേശി നടുത്തൊടി സലീം ആരോപിക്കുന്നു. എന്നാൽ ക്രഷർ പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും പാട്ടക്കരാർ മാത്രമാണ് അൻവറിന് കൈമാറിയതെന്നുമാണ് ഇബ്രാഹിമിന്റെ മൊഴി.