പരപ്പനങ്ങാടി: ഒരേദിശയിൽ വന്ന രണ്ട് ഇരുചക്ര വാഹനങ്ങളടക്കം നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. നാടുകാണി പരപ്പനങ്ങാടി പാതയിൽ കുരിക്കൾ റോഡിനടുത്ത് ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് അപകടം. പരപ്പനങ്ങാടി സ്വദേശി കാരയിൽ ഫാൻസി ഷോപ് ഉടമ ബാലചന്ദ്രൻ (62)വയനാട് മീനങ്ങാടി സ്വദേശികളും സഹോദരങ്ങളുമായ കുറ്റു പുരക്കൽ ശിവപ്രസാദിന്റെ മക്കളായ ആനന്ദ് ശിവൻ (24),ആദർശ് ശിവൻ (21)എന്നിവർക്കാണ് പരിക്കേറ്റത്. ഗാന്ധി ജയന്തി ദിനത്തിൽ കുരിക്കൾ റോഡിനടുത്ത് ബൈക്ക് നിർത്തി വഴിയാത്രകാരനോട് സംസാരിച്ചിരിക്കവേ തൊട്ടു പിന്നിൽ വന്ന
മിനി ലോറി അതേ ദിശയിൽ വന്ന ബൈക്കിനേയും, ഓട്ടോറിക്ഷയേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തിരൂർ ഭാഗത്ത് നിന്നും കടലുണ്ടി ഭാഗത്തേക്ക് മത്സ്യം കയറ്റി പോവുകയായിരുന്ന മിനി ലോറിയാണ് അപകടത്തിന് കാരണമായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ദേഹത്തേക്ക് മറിഞ്ഞ് വീണെങ്കിലും ഡ്രൈവറായ കാരയിൽ ബാലചന്ദ്രൻ നിസാര പരിക്കുകളോടെ രക്ഷപെട്ടു. തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് വാങ്ങി എറണാകുളത്തെ ബന്ധു വീട്ടിൽ നിന്നും രാവിലെ 6.30 ഓടെ സ്വദേശമായ വയനാട് മീനങ്ങാടിയിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് ആദർശിനും, ആനന്ദിനും പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ആദർശിനെ പരപ്പനങ്ങാടി നഹാസ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി .