പൊന്നാനി: തിരമാലകളുടെ താണ്ഡവത്തിൽ ഭവന രഹിതരായി തെരുവിലിറക്കപ്പെട്ടവർക്ക് കരുതലിന്റെ ആകാശം തീർത്ത് തീരം ഫൗണ്ടേഷൻ. വിവിധ കാരണങ്ങളാൽ സർക്കാർ പുനരധിവാസ പട്ടികക്ക് പുറത്തു നിൽക്കുന്നവരിലേക്കാണ് തീരം ഫൗണ്ടേഷൻ സാന്ത്വനത്തിന്റെ കൈ നീട്ടുന്നത്. 42 വീടുകൾ ഒരുക്കുന്ന പാർപ്പിട പദ്ധതിക്കാണ് തുടക്കമായത്. വെളിയങ്കോട് താവളക്കുളത്ത് 84 സെന്റ് സ്ഥലത്താണ് വീടുകൾ നിർമ്മിക്കുന്നത്. 800 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ മുകളിലും താഴെയുമായി ഫ്ളാറ്റ് മാതൃകയിലാണ് വീടുകൾ ഒരുക്കുക. 21 ബ്ലോക്കുകളിലായി 42 വീടുകളും സാംസ്‌ക്കാരിക സമുച്ചയവുമടങ്ങുന്നതാണ് പദ്ധതി. പൊന്നാനി തീരദേശ മേഖലയിലെ ദുരിതബാധിതർക്കായി സർക്കാർ നടപ്പാക്കിയ ഫിഷിംഗ് ഹാർബറിലെ ഭവന സമുച്ചയത്തിലും പുനർഗേഹം പദ്ധതിയിലും ഇടം ലഭിക്കാതെ പോയവരാണ് താവളക്കുളത്തെ ഭവന സമുച്ചയത്തിലേക്കുള്ള ഗുണഭോക്തൃ പട്ടികയിൽ ഇടം നേടുക. പൊന്നാനി നഗരസഭ പരിധിയിൽ മാത്രം തീരമേഖലയിൽ നൂറോളം കുടുംബങ്ങൾക്കാണ് കടലാക്രമണത്തിൽ വീട് നഷ്ടമായത്. പലരും ഇപ്പോൾ വാടക വീടുകളിലാണ് അന്തിയുറങ്ങുന്നത്. പൊന്നാനി അഴീക്കൽ മുതൽ പുതുപൊന്നാനി വരെയുള്ള തീരമേഖലയിലെ ദുരിതബാധിതരെയാണ് പുനരധിവാസത്തിനായി പരിഗണിക്കുന്നത്. ഓരോ വർഷവും ശരാശരി ഇരുപത്തിയഞ്ച് വീടുകൾ വരെ ഈ മേഖലയിൽ കടലെടുക്കുന്നുണ്ട്. വീടിനൊപ്പം ഭൂമിയും കടലിന്റെ ഭാഗമാകുന്നതോടെ തെരുവിലിറക്കപ്പെട്ട നിലയിലാണ് പല കുടുംബങ്ങളും. സർക്കാർ സംവിധാനങ്ങൾ കൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല പൊന്നാനി തീരത്തെ പുനരധിവാസമെന്ന തിരിച്ചറിവിൽ നിന്നാണ് ഭവനസമുച്ചയമെന്ന പദ്ധതിയുമായി രംഗത്തിറങ്ങാൻ തീരം ഫൗണ്ടേഷനെ പ്രേരിപ്പിച്ചിരിക്കുന്നത്.
വ്യക്തികളും കൂട്ടായ്മകളും നൽകുന്ന സഹായത്തിൽ നിന്നാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥലം വാങ്ങാനും വീടൊരുക്കാനും നിരവധി പേരാണ് സഹായ വാഗ്ദാനവുമായി രംഗത്തുള്ളത്.
തീരദേശമേഖലയിൽ പുനരധിവാസം ഒരുക്കുന്നതോടൊപ്പം സാമൂഹിക സാംസ്‌കാരിക വികസന മേഖലയിലും ഇടപെടൽ നടത്തുക എന്നതും സംഘടനയുടെ ലക്ഷ്യമാണ്.
പൊന്നാനിയിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ, സേവന രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണയോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് തീരം ഫൗണ്ടേഷൻ. പദ്ധതിയുടെ സമാരംഭം പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ, വൈസ് പ്രസിഡന്റ് ഫൗസിയ, ഫർഹാൻ ബിയ്യം, സൈദ്, സ്മിത രതീഷ്, സുഫിയാൻ മൗലവി, അബ്ദുൽ ഗഫാർ അൽ കൗസരി, ശംസുദ്ദീൻ അൽ ഖാസിമി, ആർ വി അഷറഫ്, പി മുഹമ്മദ് നവാസ്, കെ വി സിറാജുദ്ദീൻ എന്നിവർ ചേർന്ന് നിർവഹിച്ചു.