hhhhhhhhhh
അപകടത്തിൽ പെട്ട ലോറിയിൽ നിന്ന് ഇന്ധനം പുറത്തേക്കൊഴുകുന്നു

താനൂർ: പെട്രോളുമായി പോവുകയായിരുന്ന ടാങ്കർലോറി അപകടത്തിൽപെട്ട് നടുഭാഗം പിളർന്ന് ഇന്ധനം വലിയ തോതിൽ റോഡിൽ കുത്തിയൊലിച്ചത് പരിഭ്രാന്തി പരത്തി. വിള്ളലുണ്ടായ ഭാഗം വരെയുള്ള ഇന്ധനം ഒഴുകിപ്പോയ ശേഷമാണ് ചോർച്ച നിലച്ചത്. ചോർന്നുപോയ പെട്രോൾ ഡ്രെയിനേജുകളിലൂടെ ഒഴുക്കിയും എംസാന്റിട്ടും സ്ഥിതിഗതികൾ നിയന്ത്രിക്കുകയായിരുന്നു. പൊലീസ്,​ അഗ്നിശമനസേന, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനമാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

താനൂർ ജംഗ്ഷനിൽ രാത്രി 8.45നാണ് അപകടമുണ്ടായത്. ടാങ്കർ ലോറി സ്റ്റേഷനറി കടയ്ക്ക് മുന്നിലെ കൈവരിയിൽ ഇടിച്ചായിരുന്നു അപകടം. ടാങ്കറിന്റെ മദ്ധ്യഭാഗത്ത് വിള്ളലുണ്ടായി പെട്രോൾ റോഡിലേക്കൊഴുകി. റോ‌ഡിലും ചാലിലുമെല്ലാം വലിയ തോതിൽ പെട്രോൾ പരന്നു. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സമീപത്തെ വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു .കച്ചവട സ്ഥാപനങ്ങളും അടപ്പിച്ചു .പരിസരത്തുള്ളവരും വ്യാപാരികളും നാലുംപാടും ഓടി രക്ഷപ്പെട്ടു. സമീപമുണ്ടായിരുന്ന വാഹനങ്ങളും ഉടനടി സംഭവസ്ഥലത്ത് നിന്ന് മാറ്റി. പൊലീസും ഫയർഫോഴ്സും ഉടൻ സ്ഥലത്തെത്തിയെങ്കിലും ചോർച്ച അടയ്ക്കാനായില്ല. തുടർന്ന് അപകടം ഒഴിവാക്കാനുള്ള പ്രവർത്തനങ്ങളിലേർപ്പെടുകയായിരുന്നു. ഇതുവഴി വരികയായിരുന്ന വാഹനങ്ങൾ പൊലീസ് തട‍ഞ്ഞു. ഇന്ധനചോർച്ച നിലച്ചെങ്കിലും പൂർണ്ണമായും ഇന്ധനം ഒഴിവാക്കി വാഹനം നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.