മലപ്പുറം : പ്രകൃതിക്ഷോഭം പ്രധാന വില്ലനായപ്പോൾ ജില്ലയിൽ കഴിഞ്ഞ മാസം മാത്രമുണ്ടായത് 146 ലക്ഷം രൂപയുടെ കൃഷിനാശം. 103 ലക്ഷം രൂപയുടെ നഷ്ടവും പ്രകൃതിക്ഷോഭം മൂലമാണ്. വന്യമൃഗ ശല്യം കാരണം 43 ലക്ഷം രൂപയുടെ കൃഷിനാശവുമുണ്ടായി. കാലാവസ്ഥ വ്യതിയാനത്തിലെ മാറ്റം കാരണം പലപ്പോഴും കർഷകർക്ക് പ്രതീക്ഷയ്ക്കൊത്ത വിള കിട്ടാറില്ല. ഇതിനിടയ്ക്ക് പ്രകൃതിയും കാട്ടുമൃഗങ്ങളും വില്ലനാവുമ്പോൾ കർഷകർ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയാണ്.
കാട്ടു പന്നികളും ആദിവാസി മേഖലകളിൽ കാട്ടാനകളുമാണ് പ്രധാനമായും കൃഷി നശിപ്പിക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ മാസങ്ങളിലായി ഊർങ്ങാട്ടിരി പഞ്ചായത്തിലെ ആദിവാസി കോളനികളിൽ രാത്രിയിലിറങ്ങിയ കാട്ടാനകൾ നിരവധിയാളുകളുടെ കൃഷിയാണ് നശിപ്പിച്ചിട്ടുള്ളത്. നിലമ്പൂർ, ഊർങ്ങാട്ടിരി ഭാഗങ്ങളിലാണ് പ്രധാനമായും കാട്ടുപന്നികളുടെയും ആനകളുടെയും ശല്യമുള്ളത്. കൃഷി മാത്രം ഉപജീവനമാക്കിയവർ കടക്കെണിയിലാവുന്ന അവസ്ഥയാണ്.
കൃഷി നശിച്ചാൽ
പ്രകൃതിക്ഷോഭം കാരണം ഹെക്ടർ നെൽകൃഷി നശിച്ചാൽ 13,500 രൂപയാണ് നൽകിവരുന്നത്. വാഴ ഒന്നിന് 100 രൂപ, തെങ്ങിന് 700 രൂപ എന്നിങ്ങനെയാണ് ഇൻഷ്വർ ചെയ്തില്ലെങ്കിൽ ലഭിക്കുന്ന നഷ്ടപരിഹാരം. ഇൻഷ്വർ ചെയ്താൽ വാഴയ്ക്ക് 300 രൂപയും തെങ്ങിന് 2000 രൂപയും ലഭിക്കും. കർഷകർക്ക് നഷ്ടമാണെങ്കിലും സഹായമായി ചെറിയൊരു തുക സർക്കാർ നൽകി വരുന്നുണ്ട്. വന്യമൃഗ ശല്യത്തിനാണ് ശാശ്വതമായ പരിഹാരം വേണ്ടത് . മൃഗങ്ങൾ പ്രധാനമായും വരുന്ന ഇടങ്ങളിൽ ഫെൻസിംഗ് നടത്തണം. ഊർങ്ങാട്ടിരിയിൽ ഫെൻസിംഗ് കൃത്യമായി നടത്താത്തത് കാരണം ആനകൾ പല തവണയായി കൃഷിയിടങ്ങളിൽ കയറി കൃഷി നശിപ്പിച്ചിട്ടുണ്ട്. ജില്ലയിൽ പ്രകൃതിക്ഷോഭം കാരണം 503 പേരുടെയും മൃഗങ്ങൾ കാരണം 83 ആളുകളുടെയും കൃഷിയാണ് കഴിഞ്ഞ മാസം നശിച്ചിട്ടുള്ളത്.
കഴിഞ്ഞ മാസം നശിച്ച കൃഷി
മൃഗങ്ങൾ നശിപ്പിച്ചത്
നിലമ്പൂർ : 39
മഞ്ചേരി : 15
കാളികാവ് : 4
പെരിന്തൽമണ്ണ : 8
വണ്ടൂർ : 17
കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടു പന്നികള ആർക്കൊക്കെ വെടി വയ്ക്കാം
തോക്കിന് ലൈസൻസ് ഉള്ളവർക്കും,വനം,പൊലീസ് ഉദ്യോഗസ്ഥർക്കുമാണ് കാട്ടുപന്നിയെ വെടി വയ്ക്കാനുള്ള അനുമതിയുള്ളത്. കാട്ടു പന്നി ശല്യമുണ്ടെങ്കിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസറെ സമീപിച്ച് റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ടിന് ഡി.എഫ്.ഒയുടെ അനുമതി ലഭിച്ചാലാണ് വെടിവയ്ക്കാനാവുക. കാട്ടുപന്നികളെ കൊന്ന ശേഷം വനപാലകരെത്തി പരിശോധന നടത്തുകയും സംസ്കരിക്കുകയും ചെയ്യും.