മലപ്പുറം: കടലുണ്ടിപ്പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കാണാതായ രണ്ടു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. താമരക്കുഴി മുളളൻമടയൻ മുഹമ്മദിന്റെ മകൻ മുഹമ്മദ് ആസിഫാണ് (16) മരിച്ചത്. അയൽവാസി താമരക്കുഴി മേച്ചേടത്ത് അബ്ദുൾ മജീദിന്റെ മകൻ റെയ്‌ഹാനായുള്ള(15) തെരച്ചിൽ തുടരുകയാണ്.
മലപ്പുറം നഗരസഭാപരിധിയിൽ ഉമ്മത്തൂർ ആനക്കടവ് പാലത്തിന് സമീപത്ത് വ്യാഴാഴ്ച വൈകിട്ട് 5.20നായിരുന്നു സംഭവം. പരിസരവാസികളായ നാല് കുട്ടികൾ പുഴയിൽ കുളിക്കുന്നതിനിടെ രണ്ടുപേർ ഒഴുക്കിൽ പെടുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ മലപ്പുറം അഗ്നിരക്ഷാസേന നടത്തിയ തെരച്ചിലിൽ അപകടമുണ്ടായ സ്ഥലത്തിന് സമീപത്ത് നിന്നാണ് 6.10ഓടെ ആസിഫിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മലപ്പുറം താലൂക്കാശുപത്രിയിലേക്ക് മാറ്റി.
മുഹമ്മദ് ആസിഫ് മലപ്പുറം ജി.ബി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ്:സഫിയ. സഹോദരങ്ങൾ:അൽതാഫ്,ആരിഫ്,അൻസാർ,അയ്യൂബ്.
എം.എസ്.പി എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് കാണാതായ റെയ്‌ഹാൻ. മാതാവ്: ഖൈറുന്നീസ. സഹോദരങ്ങൾ: അബ്ദുൾ മുഹ്സിൻ, അബ്ദുൾ ബാസിത്, മിഷാൽ, സന.