plus-one

നന്നായി പഠിച്ചിട്ടും വലിയ കാര്യമൊന്നുമില്ല. എല്ലാറ്റിനും എ പ്ലസ് ലഭിച്ചത് കൊണ്ട് അവാർഡുകളെല്ലാം ലഭിച്ചെങ്കിലും തുടർന്ന് പഠിക്കാൻ ഇനിയെന്ത് ചെയ്യുമെന്നാണ് ആലോചിക്കുന്നത്. ശരിക്കും മടുത്ത് തുടങ്ങി... രണ്ട് അലോട്ട്മെന്റുകൾക്ക് ശേഷവും പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാതെ വിഷമിക്കുന്ന മലപ്പുറത്തെ ഒരു വിദ്യാർത്ഥിയുടെ വാക്കുകളാണിത്. നിരവധി വർഷങ്ങളായി മലപ്പുറം ജില്ല നേരിടുന്ന പ്രധാന പ്രശ്നമാണ് ജനസംഖ്യാനുപാതികമായി പ്ളസ് വൺ സീറ്റുകൾ ഇല്ലാത്ത അവസ്ഥ. വിദ്യാർത്ഥി സംഘടനകൾ നിരന്തരമായി സമര പരിപാടികളുമായി രംഗത്തിറങ്ങാറുണ്ട്. കളക്ട്രേറ്റിലേക്ക് നടത്തുന്ന മാർച്ചുകൾക്കിടയിൽ പൊലീസും,സമരക്കാരും തമ്മിൽ ഉന്തും,തള്ളുമുണ്ടായി സമരം അവസാനിക്കുന്നതല്ലാതെ സീറ്റ് ക്ഷാമത്തിൽ ശാശ്വതമായ പരിഹാരം കാണാൻ ഇതുവരെ സർക്കാരിന് സാധിച്ചിട്ടില്ല. ഇൗ സമരങ്ങളെയൊന്നും കണ്ടില്ലെന്ന മട്ടിലാണ് സർക്കാറുള്ളത്. എല്ലാ വർഷങ്ങളിലും 50,000 ത്തിന് മുകളിലാണ് മലപ്പുറം ജില്ലയിൽ പ്ലസ് വണ്ണിന് അപേക്ഷകരുണ്ടാവാറുള്ളത്. ഇപ്രാവശ്യം 77,837 അപേക്ഷകളാണ് വന്നിട്ടുള്ളത്. അപേക്ഷകരുടെ പകുതി പോലും സീറ്റുകൾ ജില്ലയിലില്ല. സംസ്ഥാന തലത്തിലും,ദേശീയ തലത്തിലുമെല്ലാം ഉയർന്ന റാങ്കുകളും,നിരവധി എ പ്ലസുകളുമെല്ലാം ഉണ്ടാവാറുള്ളത് മലപ്പുറം ജില്ലയിൽ ആണെങ്കിലും തുടർ പഠനസാഹചര്യങ്ങളുടെ കാര്യത്തിൽ ജില്ല നേരിടുന്ന അവഗണന വലിയ ആശങ്കയാണ് ഉയർത്തുന്നത്. പേരുകേട്ട കോച്ചിംഗ് സെന്ററുകളുടെ റാങ്ക് പട്ടികയിലും മലപ്പുറത്തെ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യം ഉണ്ടാവാറുണ്ട്. വിദേശ രാജ്യങ്ങളെല്ലാം വിദ്യാഭാസത്തിന് വേണ്ടിയുള്ള പുതിയ പദ്ധതികൾ ആലോചിക്കുമ്പോൾ ഇവിടെ അടിസ്ഥാന വിദ്യാഭാസത്തിന്റെ പ്രശ്നങ്ങൾ പോലും ഇതുവരെ ഒരു സർക്കാറിനും പരിഹരിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. കാലങ്ങളായി പ്ലസ് വൺ സീറ്റ് ക്ഷാമം നില നിൽക്കുന്നത് കൊണ്ട് തന്നെ രക്ഷിതാക്കളും,അദ്ധ്യാപകരും സ്കൂൾ പഠനകാലത്ത് വിദ്യാർത്ഥികളോട് പറയുന്നത് പ്ലസ് വണ്ണിന് നല്ല സ്കൂളിൽ സീറ്റ് ലഭിക്കണമെന്നുള്ള ലക്ഷ്യമാണ്. ഹയർസെക്കൻഡറി പഠനം കുട്ടികൾക്ക് സുതാര്യമായി ലഭിക്കാത്തത് വരും തലമുറക്ക് മുൻപിലെ പ്രധാന വെല്ലുവിളിയായി മാറും.

ക്ലാസ് റൂം പൂട്ടി

മലപ്പുറം ജില്ലയിലെ 77,837 അപേക്ഷകരിൽ 41,296 വിദ്യാർത്ഥികൾക്ക് മാത്രമാണ് മെറിറ്റ് വിഭാഗത്തിൽ സീറ്റുകൾ ലഭിച്ചത്. 20 ശതമാനം സീറ്റ് വർദ്ധനവ് ഉൾപ്പെടുത്തി കൊണ്ടുള്ള ഇൗ കണക്കിൽ സീറ്റ് ലഭിക്കാതെ പുറത്ത് നിൽക്കുന്നത് 36,541 വിദ്യാർത്ഥികളാണ്. മുഴുവൻ എ പ്ലസുകാരടക്കമുള്ളവർ പുറത്ത് നിൽക്കുന്നവരിലുണ്ട്. 18,488 നോൺമെറിറ്റ്,അൺ എയ്ഡഡ് സീറ്റുകളും ജില്ലയിലുണ്ട്. ഇൗ സീറ്റുകളിലേക്ക് പ്രവേശനം നേടിയാലും 18,053 വിദ്യാർത്ഥികൾക്ക് വീണ്ടും സീറ്റില്ലാത്ത അവസ്ഥയാണ്. വി.എച്.എസ്.ഇ, പോളിടെക്നിക്ക്, എെ.ടി.എെ മേഖലയിൽ 5000 സീറ്റുകൾ ഉണ്ട്. ചിലവേറിയ പഠനമായത് കൊണ്ട് എല്ലാ വർഷവും ഇൗ വിഭാഗത്തിൽ സീറ്റുകൾ ഒഴിഞ്ഞ് കിടക്കാറാണ് പതിവ്. ഹയർസെക്കൻഡറി പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരിക്കലും മറ്റു പഠന മേഖലകൾ പരിഹാരമാവില്ല.

പഠനത്തിന് നിലവാരം വേണം

നിരവധി അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്ഥാപനങ്ങൾ ഉണ്ടല്ലോ..അവിടെയും പഠിക്കാമെന്നുള്ള നിലപാട് ശരിയല്ല. സർക്കാർ സീറ്റിൽ നിലവാരമുള്ള പഠനമാണ് വിദ്യാർത്ഥികൾക്ക് ആവശ്യം. ഇഷ്ടപ്പെട്ട കോഴ്സെടുത്ത് ഇഷ്ടപ്പെട്ട സ്കൂളിൽ പഠിക്കണമെന്നുള്ള വിദ്യാർത്ഥികളുടെ ആഗ്രഹത്തിന് അൺ എയ്ഡഡ് സ്ഥാപനങ്ങൾ ഒരിക്കലും പരിഹാരമാവില്ല. കഴിഞ്ഞ കാലങ്ങളിൽ വിദ്യാഭാസം ലഭിക്കാതെ പോയവർക്കാണ് ഇത്തരം സ്ഥാപനങ്ങൾ പ്രധാനമായും ഉപകാരപെടുക. കലാലയങ്ങൾ വിദ്യാർത്ഥികളുടെ സാമൂഹിക പഠനത്തിനും,കലാ കായിക വളർച്ചക്കുമുള്ള അവിഭാജ്യ ഘടകം കൂടിയാണ്. അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ നിന്ന് ഒരിക്കലും വിദ്യാർത്ഥികൾക്ക് ഇതിനുള്ള അവസരങ്ങൾ ലഭിക്കില്ല.

പണമാണ് മുഖ്യം

സീറ്റ് ലഭിക്കാതെ പുറത്ത് നിൽക്കേണ്ടി വന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജ്മെന്റ് സീറ്റുകളിലേക്കോ മറ്റു സ്വകാര്യ സ്ഥാപനങ്ങളിലേക്കോ പ്രവേശനം ലഭിക്കാൻ വലിയ തുക കെട്ടി വയ്‌ക്കണം. ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനമുള്ള മാനേജ്മെന്റ് സീറ്റുകളിലേക്ക് 20,000 മുതൽ 50,000 വരെയുള്ള വലിയ തുകയാണ് പ്രവേശനത്തിനായി വാങ്ങിക്കാറുള്ളത്. എന്നാൽത്തന്നെ ഇഷ്ടപ്പെട്ട കോഴ്സുകൾ ലഭിക്കണമെന്നില്ല. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഘട്ടം ഘട്ടമായുള്ള ഫീസ് കൊടുത്ത് പഠിക്കേണ്ട അവസ്ഥയുമുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇൗ പഠനവും സ്വപ്നം മാത്രമാണ്. 10ാം ക്ലാസ് പഠനം ആരംഭിക്കുന്ന സമയത്ത് സ്കൂളിലെ ക്ലാസുകളോടൊപ്പം വിവിധ സ്ഥാപനങ്ങളിൽ ട്യൂഷൻ സംവിധാനവും രക്ഷിതാക്കൾ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്താറുണ്ട്. ഇത്തരത്തിൽ വളരെയധികം കടമ്പകൾ കഴിഞ്ഞാണ് ഒാരോ വിദ്യാർത്ഥിയും പ്ലസ് വൺ സീറ്റിനായി കാത്തിരിക്കുന്നത്.

സീറ്റുകളല്ല വേണ്ടത്, അധിക ബാച്ചുകളാണ്

സംസ്ഥാന സർക്കാർ വർഷം തോറും വർദ്ധിപ്പിക്കാറുള്ള 20 ശതമാനം സീറ്റുകൾ മലപ്പുറം ജില്ലയ്ക്ക് ഒരിക്കലും പരിഹാരമാവുന്നില്ല. 50 വിദ്യാർത്ഥികളാണ് സാധാരണഗതിയിൽ ഒരു ക്ലാസ് റൂമിൽ ഇരിക്കേണ്ടത്. 20 ശതമാനം വർദ്ധനവിന്റെ അടിസ്ഥാനത്തിൽ 10 സീറ്റുകൾ കൂടെ വർദ്ധിപ്പിച്ച് 60 വിദ്യാർത്ഥികളെ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് സീറ്റ് ക്ഷാമത്തിന് പരിഹാരമാവുന്നില്ലെന്ന് മാത്രമല്ല, ഇത്രയും കുട്ടികൾ ഒരു ക്ലാസിലെന്നത് അദ്ധ്യാപകർക്കും വളരെയധികം ബുദ്ധിമുട്ടാകും. പകരം അധികം ബാച്ചുകൾ അനുവദിക്കുക എന്നതാണ് ഉത്തമ പരിഹാരം. സ്കൂളുകളിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്ന പദ്ധതിയിലേക്ക് ബാച്ചുകൾ അനുവദിക്കുന്ന കാര്യവും സർക്കാർ ഗൗരവത്തോടെ പരിഗണിക്കണം. ആർട്സ്,എൻജിനീയറിംഗ് കോളേജുകളിലേക്കും,മറ്റു പ്രവേശന പരീക്ഷകൾ അടിസ്ഥാനമാക്കിയുള്ള പ്രവേശനവും പോലെയുള്ള മത്സരമാവരുത് പ്ലസ് വൺ പ്രവേശനം. എസ്.എസ്.എൽ.സി വിജയിക്കുന്ന എല്ലാ കുട്ടികൾക്കും അടിസ്ഥാനമായി ലഭിക്കേണ്ട വിദ്യാഭ്യാസം എന്ന തരത്തിലേക്ക് ഹയർസെക്കൻഡറി ഉയരണം. അതിനായി ജില്ലകളിൽ ജനസംഖ്യാനുപാതികമായി ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടത്.