തിരൂരങ്ങാടി: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ജില്ലാ പൈതൃക മ്യൂസിയമായ ഹജൂർ കച്ചേരിയുടെ നിർമ്മാണം തുടങ്ങി. 10 മാസം മുമ്പ് കരാറെടുത്ത് ഫെബ്രുവരി ഒമ്പതിന് ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കപ്പെട്ട നിർമ്മാണ പ്രവൃത്തികൾ വൈദ്യുതി കണക്‌ഷൻ ലഭിക്കാത്തതിനെ തുടർന്ന് മുടങ്ങി കിടക്കുകയായിരുന്നു.
58 ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ നടക്കാനുള്ളത്. രണ്ടാംഘട്ടത്തിൽ മൂന്നര കോടിയുടെ നിർമ്മാണ പ്രവൃത്തികളും നടക്കും.ജില്ലയുടെ പൈതൃകവും സ്വാതന്ത്യ സമരവുമെല്ലാം പറയുന്നതായിരിക്കും പൈതൃക മ്യൂസിയമെന്ന് പുരാവസ്തു വകുപ്പ് അധികൃതർ അറിയിച്ചു. കൃത്യമായ വിവരങ്ങൾ ശേഖരിച്ച് വിവിധ സാമഗ്രികൾ അണിനിരത്തും. മലബാറിന്റെ കാർഷിക സംസ്‌കാരം കൂടി വിളിച്ചോതുന്നതായിരിക്കും മ്യൂസിയമെന്നും അധികൃതർ പറഞ്ഞു.