മലപ്പുറം: ഉമ്മത്തൂർപടി കടലുണ്ടിപ്പുഴയിൽ വ്യാഴാഴ്ച ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. മലപ്പുറം താമരക്കുഴി മേച്ചേത്ത് അബ്ദുൾ മജീദിന്റെ മകൻ റെയ്‌ഹാന്റെ (15) മൃതദേഹമാണ് ഇന്നലെ വൈകിട്ട് കണ്ടെത്തിയത്. ഒപ്പം കാണാതായ, മലപ്പുറം താമരക്കുഴി മുളളൻമടയൻ മുഹമ്മദിന്റെ മകൻ മുഹമ്മദ് ആസിഫിന്റെ (16) മൃതദേഹം വ്യാഴാഴ്ച രാത്രി തന്നെ കണ്ടെത്തിയിരുന്നു.
ആനക്കടവ് പാലത്തിന് സമീപത്ത് പരിസരവാസികളായ നാല് കുട്ടികൾ ചേർന്ന് കുളിക്കുന്നതിനിടെയാണ് റെയ്‌ഹാനെയും മുഹമ്മദ് ആസിഫിനെയും കാണാതായത്. റെയ്‌ഹാനായി ഇന്നലെ രാവിലെ ഏഴോടെയാണ് വീണ്ടും തെരച്ചിൽ ആരംഭിച്ചത്. മലപ്പുറം,മഞ്ചേരി,പെരിന്തൽമണ്ണ ഫയർ ഫോഴ്സ് യൂണിറ്റുകൾ,സിവിൽ ഡിഫൻസ് അംഗങ്ങൾ,ട്രോമാ കെയർ,ഐ.ആർ.ഡബ്ല്യു തുടങ്ങിയവവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയത്.
മൃതദേഹം മലപ്പുറം താലൂക്കാശുപത്രിയിലേക്ക് മാറ്റി. എം.എസ്.പി ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ്: ഖൈറുന്നീസ. സഹോദരങ്ങൾ: അബ്ദുൾമുഹ്സിൻ, അബ്ദുൾ ബാസിത്, മിഷാൽ, സന.