നിലമ്പൂർ: സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി മമ്പാട് ആത്മഹത്യ ചെയ്ത ചങ്ങരായി മൂസക്കുട്ടി യുടെ വീട് സന്ദർശിച്ചു. വെളളിയാഴ്ച രാത്രി എട്ടോടെയായിരുന്നു സന്ദർശനം. വിവാഹം കച്ചവടമായി കാണുന്ന പ്രവണത വർദ്ധിക്കുകയാണെന്ന് സതീദേവി പറഞ്ഞു. വനിതാ കമ്മിഷന് നേരിട്ട് പരാതി ലഭിച്ചിട്ടില്ലെങ്കിലും പ്രതിയുടെ പേരിൽ ഗാർഹിക പീഡനമുൾപ്പടെയുള്ള കേസുകൾ ചുമത്തി കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടും. കേസിന്റെ അന്വേഷണ പുരോഗതി വനിതാകമ്മിഷൻ വിലയിരുത്തും. കേസ് നടപടികളിൽ വീഴ്ച വന്നാൽ വനിതാ കമ്മിഷൻ ഇടപെടും. മൂസക്കുട്ടിയുടെ മകളുടെ പഠനം തുടരുന്നതിനു വേണ്ട സഹായം വനിതാ കമ്മിഷൻ നൽകുമെന്നും അവർ പറഞ്ഞു. വനിതാ കമ്മിഷൻ അംഗം ഇ.എം രാധ, മഹിള അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗവും നഗരസഭാ വൈസ് ചെയർപേഴ്സണുമായ അരുമ ജയകൃഷ്ണൻ, ഭാരവാഹികളായ ടി.പി ഉമൈമത്ത്, ശോഭന ഭായ് തുടങ്ങിയവരും സതീദേവിക്കൊപ്പമുണ്ടായിരുന്നു.