പെരിന്തൽമണ്ണ:സ്ഥിരം പോസ്റ്റുമാനില്ലാത്തതിനാൽ വെള്ളില പോസ്റ്റോഫീസ് പരിധിയിലെ ജനങ്ങൾക്ക് തപാൽ ഉരുപ്പടികൾ കിട്ടാക്കനിയാണ്. ഒരു മാസത്തിലധികമായി ഇങ്ങനെ ഉരുപ്പടികൾ കെട്ടി കിടക്കുന്നതിനാൽ ജോലി സംബന്ധമായി അറിയിപ്പ് ലഭിക്കുന്നതിനും സ്‌കൂൾ, കോളേജ് അഡ്മിഷൻ കത്തുകൾ, പാസ്‌പോർട്ട്, ആധാർ കാർഡ് അടക്കമുള്ള വിലമതിക്കാനാവാത്ത പല അറിയിപ്പുകളും രേഖകളും ലഭിക്കാതെ നാട്ടുകാർ ദുരിതത്തിലാണ്.
താത്കാലികാടിസ്ഥാനത്തിൽ നിയമിച്ച പോസ്റ്റ്മാൻ എത്താത്തതും ഉരുപ്പടികൾ കെട്ടിക്കിടക്കാൻ കാരണമാവുന്നു. രണ്ടുപേർ വേണ്ട സ്ഥലത്താണ് ഒരു താത്കാലിക പോസ്റ്റ്മാൻ മാത്രം ഉണ്ടായിരുന്നത്. എട്ടുവർഷം മുമ്പ് സ്ഥിരം പോസ്റ്റ്മാനെ നിയമിച്ചെങ്കിലും ആറുമാസം തികക്കാതെ ജോലി ഉപേക്ഷിച്ചു. വീണ്ടും നിയമനമുണ്ടായെങ്കിലും അധികകാലം തുടർന്നില്ല. പിന്നെ നാട്ടുകാരനായ ഒരാൾ സഹായിയായി നാലു വർഷത്തോളം ജോലി ചെയ്തു.
വിസ്തൃതമായ പ്രദേശത്ത് ജോലി ചെയ്യുന്ന താൽകാലിക ജീവനക്കാരന് ലഭിക്കുന്ന വേതനം തുച്ഛമാണ്. ദിനേന 150 രൂപയുടെ പെട്രോൾ ചെലവ് വരുന്നതിനാൽ ജീവനക്കാർക്ക് ശമ്പളത്തിൽ ബാക്കി ലഭിക്കുന്നത് 2000-3000 രൂപ മാത്രമാണ്. ഇതിനാൽ താത്കാലിക ജീവനക്കാരും ജോലിക്ക് വരുന്നില്ല.
മങ്കട പഞ്ചായത്തിലെ ഏറ്റവും കൂടുതൽ ഏരിയയുള്ള പോസ്റ്റ് ഓഫീസായതിനാൽ ദിവസം 100-150 രജിസ്റ്റർ വരുന്നുണ്ട് ഇത് ഒരു പോസ്റ്റുമാന് എത്തിക്കാൻ കഴിയില്ല. മുമ്പ് വെള്ളില പോസ്റ്റോഫീസ് വിഭജിച്ച് കുറച്ച് ഭാഗം കടന്നമണ്ണയിൽ ചേർക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല.