പൊന്നാനി: ചിത്രം വരച്ചും പാട്ടു പാടിയും വാദ്യോപകരണങ്ങൾ വായിച്ചും മാലിന്യമുക്ത കടൽ തീരത്തിനായി ടീം തിണ്ടീസിന്റെ വേറിട്ട ഇടപെടൽ. മാലിന്യത്തിൽ മുങ്ങിയ തീരത്തെ മൊഞ്ചുള്ളതാക്കാൻ ടീം തിണ്ടീസ് നടത്തുന്ന വ്യത്യസ്ത പരിപാടികളുടെ ഭാഗമായാണ് വരച്ചും പാടിയുമുള്ള ബോധവത്ക്കരണമൊരുക്കിയത്. പൊന്നാനി തീരത്തെ വീടുകളും അങ്ങാടികളും കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട ബോധവത്ക്കരണം.
ആളുകൾ കൂടുന്ന ഇടങ്ങളിലേക്ക് ടീം തിണ്ടീസിന്റെ കലാകാരന്മാർ നേരിട്ടിറങ്ങി. കൂടി നിന്നിരുന്നവരിൽ ഒരാളുടെ ചിത്രം വരച്ചു. ചിലർ വാദ്യോപകരണങ്ങൾ വായിച്ചു. മറ്റു ചിലർ പട്ടുപാടി. ഇതിലൊക്കെ ആകൃഷ്ടരായി നിന്നവരോട് വന്ന കാര്യം പറഞ്ഞു. തീരത്തെ മാലിന്യമുക്തമാക്കണം. അതിന് കൂടെയുണ്ടാകണം. എല്ലാവരും സമ്മതിച്ചു. തീരത്തെ മാലിന്യ മുക്തമാക്കാൻ കൂടെയിറങ്ങാമെന്ന ഉറപ്പും നൽകി. നഗരസഭ ആരോഗ്യ വകുപ്പും തീരദേശ പൊലീസും എം.ഇ.എസ് കോളേജിലെ എൻ.സി.സി വളണ്ടിയർമാരും പർക്കൂസ പ്രവർത്തകരും ടീം തിണ്ടീസിനൊപ്പമുണ്ടായിരുന്നു.
പദ്ധതിയുടെ ഭാഗമായി കടപ്പുറത്ത് വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ച് തുടങ്ങി. സന്ദർശകർ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്ന പ്രവണത തടയലാണ് പദ്ധതിയുടെ ലക്ഷ്യം. ആഴ്ചയിൽ ഒരു ദിവസം ഹരിത സേന പ്രവർത്തകർ വേസ്റ്റ് ബിന്നുകളിൽ നിന്ന് മാലിന്യം ശേഖരിക്കും. കോസ്റ്റൽ പൊലീസിനോടൊപ്പം വ്യത്യസ്ത സന്നദ്ധ സംഘടനകളെ പങ്കെടുപ്പിച്ച് മാസത്തിലെ ഒരു ഞായറാഴ്ച്ച തീരം വൃത്തിയാക്കാനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.
സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും വ്യാപാര സ്ഥാപനങ്ങളുടേയും സ്‌പോൺസർഷിപ്പിലാണ് മാലിന്യ കൂപ്പകൾ സ്ഥാപിച്ചത്.