d

പൊന്നാനി: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം. സിദ്ദിഖിനെതിരായ അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ച് ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് സി.പി.എം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം. പുതുപൊന്നാനി നോർത്ത് ബ്രാഞ്ച് സമ്മേളനത്തിലേക്കാണ് പത്തോളം വരുന്ന പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ നടന്ന പ്രതിഷേധ പ്രകടനത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷന്റെ ശുപാർശയനുസരിച്ച് ടി.എം. സിദ്ദിഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്താൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. അച്ചടക്ക നടപടിക്കെതിരെ സി.പി.എം പ്രവർത്തകരിൽ നിലനിന്നിരുന്ന പ്രതിഷേധം പരസ്യമായി പുറത്തു വരുന്നതിനാണ് പുതുപൊന്നാനിയിലെ ബ്രാഞ്ച് സമ്മേളനവേദി സാക്ഷിയായത്.
പാർട്ടി പതാക കൈയിലേന്തി മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ അച്ചടക്ക നടപടിക്ക് വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ടു. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങളിൽ ചിലർക്കെതിരെ മാത്രം നടപടിയും മറ്റു ചിലരെ നടപടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.