പൊന്നാനി: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊന്നാനിയിലെ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെയുണ്ടായ അച്ചടക്ക നടപടിയിൽ വിശദീകരണവുമായി പ്രവർത്തകരെ അഭിമുഖീകരിക്കാൻ സി.പി.എം തയ്യാറെടുക്കുന്നു. അച്ചടക്ക നടപടിയിൽ ജില്ലാ കമ്മിറ്റിയുടെ ശുപാർശ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച ശേഷം പ്രവർത്തകരെ അഭിമുഖീകരിക്കാനാണ് ഏരിയ നേതൃത്വം ധാരണയിലെത്തിയിരിക്കുന്നത്. ഈ മാസം 15ന് ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ പൊന്നാനിയിലെ അച്ചടക്ക നടപടി സംബന്ധിച്ച ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണനക്കെടുക്കും. തുടർന്ന് തൊട്ടടുത്ത ദിവസം ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷമായിരിക്കും ഏരിയ നേതൃത്വം പ്രവർത്തകരിലേക്കിറങ്ങുക.
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന്റെ പേരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം സിദ്ധിഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടി പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഒരു വിഭാഗം പാർട്ടി പ്രവർത്തകർ അച്ചടക്ക നടപടിക്കെതിരെ സമൂഹമാദ്ധ്യമങ്ങൾ വഴി പരസ്യ വിമർശനവും ഉന്നയിച്ചു. കടുത്ത നടപടിക്കെതിരെ പ്രത്യക്ഷമായും പരോക്ഷമായും അസ്വസ്ഥതകൾ പുകയുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി പ്രവർത്തകരിലേക്ക് നേരിട്ടിറങ്ങാൻ സി.പി.എം തീരുമാനിച്ചിരിക്കുന്നത്. വ്യക്തിയല്ല, പാർട്ടിയാണ് വലുതെന്ന സന്ദേശമാണ് സി.പി.എം കാമ്പയിനായി അവതരിപ്പിക്കുക. മുൻകാലങ്ങളിൽ നേതാക്കൾക്കെതിരെ ഉണ്ടായ നടപടികളും പിന്നീടവർ പാർട്ടി നേതൃപദവിയിൽ തിരിച്ചെത്തിയതും പ്രവർത്തകരോട് വിശദീകരിക്കും. പ്രവർത്തകരുടെ വികാരത്തിനൊപ്പം നിന്നുള്ള വിശദീകരണമായിരിക്കും നൽകുക. അച്ചടക്ക നടപടി പ്രവർത്തകരിൽ പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന വിലയിരുത്തലാണ് ഏരിയ നേതൃത്വത്തിനുള്ളത്. പാർട്ടിയെ വെല്ലുവിളിച്ച് അച്ചടക്ക നടപടിക്കെതിരെ പരസ്യമായി സമൂഹ മാദ്ധ്യമങ്ങളിൽ പ്രതികരിക്കുന്നവർ പ്രവാസികളായ പാർട്ടി അനുഭാവികളാണെന്ന വിലയിരുത്തലാണ് നേതൃത്വത്തിന്. ഇപ്പോഴത്തെ അച്ചടക്ക നടപടി ഏകപക്ഷീയമാണെന്ന വിമർശനത്തെ നേതൃത്വം മുഖവിലയ്ക്കെടുക്കുന്നില്ല. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ വലിയ വിഭാഗീയത രൂപപ്പെട്ടെന്ന തരത്തിൽ വരുന്ന വാർത്തകളെ നേതൃത്വം പൂർണ്ണമായും തള്ളുന്നു. പ്രശ്നങ്ങൾ മാദ്ധ്യമസൃഷ്ടിയാണെന്ന തരത്തിലായിരിക്കും പ്രവർത്തകർക്കു മുന്നിൽ അവതരിപ്പിക്കുക. ഏരിയ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപവത്കരണത്തിൽ നിന്ന് ഒരു വിഭാഗം ഏരിയ നേതാക്കളും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും വിട്ടുനിന്നുവെന്ന വാർത്ത വസ്തുതകളുമായി പുലബന്ധമില്ലാത്തതാണെന്ന് സി പി എം ഏരിയ കമ്മിറ്റി വ്യക്തമാക്കി.