മലപ്പുറം: ഒക്ടോബർ 25ഓടെ തിയേറ്ററുകൾ തുറക്കാനുള്ള തീരുമാനം വന്നെങ്കിലും ജില്ലയിലെ തിയേറ്റർ ഉടമകൾ സാമ്പത്തിക പ്രശ്നങ്ങൾക്ക് മുമ്പിൽ ആശങ്കയിലാണ്. കൊവിഡ് ആരംഭിച്ചതോടെ ഒന്നാം തരംഗം കഴിഞ്ഞ് നേരിയ ഇടവേള ഒഴിച്ചാൽ 19 മാസമാണ് തിയേറ്ററുകൾ അടഞ്ഞു കിടന്നത്.
ഏറെ കാത്തിരിപ്പിനൊടുവിൽ തിയേറ്ററുകൾ തുറക്കുമ്പോൾ സർക്കാർ മുന്നോട്ട് വെക്കുന്ന നിർദേശങ്ങൾ ഉടമകൾക്ക് വീണ്ടും സാമ്പത്തിക പ്രയാസങ്ങൾക്ക് വഴിവെക്കുമെന്നാണ് ആശങ്ക. ഇത്തരത്തിൽ 289 തിയേറ്ററുടമകളാണ് ജില്ലയിലുള്ളത്. ഇതിൽ പകുതിയും ചെറുകിട തിയേറ്രറുകളാണ്. തിയേറ്റർ പ്രവർത്തിച്ചാലും ഇല്ലെങ്കിലും എന്റർടൈൻമെന്റ് ടാക്സ് നിർബന്ധമാണ്. 10,000 രൂപയാണ് പഞ്ചായത്ത് തലങ്ങളിൽ തുക. മുനിസിപ്പാലിറ്റിയിൽ 50,000 മുതൽ വലിയ തുക മാസം തോറും അടയ്ക്കണം. കൊവിഡ് മാനദണ്ഡ പ്രകാരം പ്രവർത്തിക്കുമ്പോൾ എന്റർടൈൻമെന്റ് നികുതി ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇങ്ങനെ മാസം തോറും ഒടുക്കേണ്ട മറ്റ് തുകകൾ വേറെയുമുണ്ട്.
കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് ആകെ സീറ്റിന്റെ 50 ശതമാനം ആളുകൾക്ക് മാത്രമാണ് പ്രവേശനം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റും നിർബന്ധമാണ്. ജില്ലയിൽ ഇതുവരെയുള്ള കണക്കനുസരിച്ച് 28,28,563 പേരാണ് ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചത്. 9,72,303 പേർ മാത്രമാണ് രണ്ട് ഡോസും സ്വീകരിച്ചവർ. 40 വയസിന് മുകളിൽ പ്രായമുള്ളവരാണ് ഇതിൽ കൂടുതലും. ഇത്തരം നിയന്ത്രണങ്ങളോടെ തിയേറ്റർ തുറക്കുമ്പോൾ കൂടുതൽ നഷ്ടത്തിലേക്ക് കൂപ്പു കൂത്തുമെന്നാണ് ഉടമകൾ പറയുന്നത്. അടഞ്ഞുകിടന്ന സമയത്ത് ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും തിയേറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ ഫംഗസ് അടക്കമുള്ള പ്രശ്നങ്ങൾ വരാനുള്ള സാഹചര്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ലക്ഷങ്ങൾ വിലമതിക്കുന്ന പ്രൊജക്ടർ ഉപകരണങ്ങളടക്കം ദിവസവും പരിപാലിച്ച് കൊണ്ടുപോവാൻ വലിയ തുക ചിലവഴിച്ചിരുന്നു. തിയേറ്ററുകൾ അടഞ്ഞ സമയത്തും ജോലിക്കാർക്ക് 50% ശമ്പളം നൽകിയിരുന്നു. ഇൗ ഇനത്തിൽ ചുരുങ്ങിയത് 35,000 രൂപയോളമാണ് ഉടമകൾക്ക് പ്രതിമാസം ചിലവ് വന്നത്. ചെറുകിട തിയേറ്ററുടമകൾക്ക് മാസം ചുരുങ്ങിയത് ഒരു ലക്ഷം രൂപയാണ് ആകെ ചിലവ് വരുന്നത്. എ.സി തിയേറ്ററുകൾക്ക് രണ്ടുലക്ഷവും വേണം.
പാതി ശമ്പളം കൊണ്ട് ജീവിക്കാൻ കഴിയാതായ പ്രൊജക്ട് ഒാപ്പറേറ്റർമാരടക്കം ജോലി നിറുത്തി പോയ പ്രയാസങ്ങളും ചുരുക്കം സ്ഥലങ്ങളിലുണ്ട്.
തിയേറ്ററുകൾ അടഞ്ഞു കിടന്നപ്പോൾ
കറന്റ് ബില്ല്: എ.സി- 10000, നോൺ എ.സി- 45000 രൂപ
ജീവനക്കാരുടെ പകുതി ശമ്പളം: 35000
കെട്ടിട നികുതി: 19000
എന്റർടൈൻമെന്റ് ടാക്സ്: 10000
കാണികൾ നിർബന്ധമായും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന നിയമം 50% ആളുപോലും തിയേറ്ററുകളിൽ എത്താത്ത അവസ്ഥയുണ്ടാക്കും. എന്റർടൈൻമെന്റ് ടാക്സടക്കം വലിയ തുകകളുടെ ചിലവ് വേറെയും. ടാക്സ് ഇളവ് കിട്ടിയാൽ നഷ്ടം സംഭവിക്കുന്ന സാഹചര്യം ഇല്ലാതാക്കാം.
-നവീൻ, തിയേറ്ററുടമ, കോഡൂർ.