azhukkuchal
ചെറുമുക്കിലെ അശാസ്ത്രീയ അഴുക്കുചാൽ നിർമ്മാണം

തിരൂരങ്ങാടി: നിരവധി ആളുകളുടെ വീടുകളിലേക്കും ഭൂമിയിലേക്കും മഴവെള്ളം ഒഴുകി വരുന്നത് പരിഹരിക്കാതെ പിഡബ്ല്യുഡി റോഡിൽ അശാസ്ത്രീയമായി അഴുക്കുചാൽ നിർമ്മിച്ച സംഭവത്തിൽ ചെറുമുക്ക് സ്വദേശികൾ നൽകിയ പരാതിയിൽ പൊതുമരാമത്ത് വകുപ്പിനോട് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി.

ചെറുമുക്ക് റഹ്മത്ത് നഗർ സ്വദേശികളായ ആനയം ചിറക്കൽ ശാഫി, ദുൽഫുഖറലി എന്നിവർ ഹൈക്കോടതിയിൽ നൽകിയ പരാതിയിലാണ് മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശിച്ചത്. വർഷങ്ങളോളമായി സമീപത്തെ നിരവധി വീടുകൾക്ക് മുമ്പിൽ വെള്ളം കെട്ടി നിൽക്കുന്നത് പതിവ് കാഴ്ചയാണ്. ഈ വീടുകളിലെ കിണർ വെള്ളമടക്കം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. വെള്ളം ഒഴുക്കി വിടാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനുള്ള സംവിധാനം ഉണ്ടാക്കിയില്ലെന്ന് ദുൽഫുഖറലി പറഞ്ഞു. വീടിന്റെ മതിലുകളും റോഡിന്റെ അരികുഭിത്തിയും വെള്ളം കെട്ടി നശിച്ച അവസ്ഥയിലാണ്.