arrest

ചങ്ങരംകുളം:ഇന്ത്യൻ നോട്ടിന് പകരം ദിർഹം നൽകാമെന്ന് പറഞ്ഞ് വ്യാപാരികളുടെ അഞ്ചു ലക്ഷം രൂപ തട്ടി മുങ്ങിയ കേസിലെ പ്രധാന പ്രതിയെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ളാദേശ് സ്വദേശിയും ജാർഖണ്ഡിൽ താമസക്കാരനുമായ ഫാറൂക്ക് ഷെയ്ക്കിനെയാണ്(32) ചങ്ങരംകുളം സി.ഐ ബഷീർ ചിറയ്ക്കൽ അറസ്റ്റ് ചെയ്തത്. 2020 ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.

കൊപ്പം സ്വദേശികളായ സഹോദരങ്ങളുടെ വ്യാപാര സ്ഥാപനത്തിലെത്തി വിശ്വാസ്യത പിടിച്ച് പറ്റിയ പ്രതി അഞ്ച് ലക്ഷത്തിന്റെ ദിർഹം കൈയിലുണ്ടെന്ന് വിശ്വസിപ്പിച്ച് ചങ്ങരംകുളത്ത് മാട്ടം റോഡിൽ വിളിച്ച് വരുത്തുകയും തുടർന്ന് ബാഗ് കൈമാറി അഞ്ചു ലക്ഷം രൂപയുമായി അപ്രത്യക്ഷനാവുകയുമായിരുന്നു. അന്വേഷണത്തിൽ കൂട്ടുപ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന വിവരത്തിൽ അന്വേഷണസംഘം പണവുമായി കടന്ന പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നതിനിടെയാണ് സമാന കേസിൽ ഫാറൂക്ക് ഷെയ്ക്കിനെ കാസർകോട് ചന്ദേര പൊലീസ് പിടികൂടിയത്.