നിലമ്പൂർ : പൂജയിലൂടെ സ്വർണനിധി കണ്ടെത്താമെന്നും ചൊവ്വാദോഷം മാറ്റാമെന്നും പറഞ്ഞ് സ്വർണവും പണവും തട്ടിയെടുത്തയാളെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് ലക്കിടി അറമല സ്വദേശി രമേശിനെയാണ് വണ്ടൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച പുലർച്ചെ കൊല്ലം പുനലൂർ കുന്നിക്കോടുള്ള വാടകവീട്ടിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. 2017 മുതൽ വിവിധ സമയങ്ങളിലായി അക്കൗണ്ടിലൂടെ 1,10,000 രൂപ ഇയാൾ തട്ടിയെടുത്തെന്നാണ് പരാതി. പരാതിക്കാരിയുടെ ജാതകത്തിലെ ചൊവ്വാദോഷം പ്രത്യേക പൂജയിലൂടെ പരിഹരിക്കാമെന്നും വിവാഹം ശരിയാക്കാമെന്നും വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.
ജനുവരിയിലാണ് നിലമ്പൂർ പൊലീസിൽ പരാതി ലഭിക്കുന്നത്. വയനാട് ജില്ലയിൽ പ്രതി സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. പുനലൂരിലെ ഒരു ഹോട്ടലിൽ ചീഫ് ഷെഫായി ജോലി നോക്കുകയായിരുന്നു പ്രതി. അവിടെയും പ്രതി പൂജകൾ നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. മാസം 10,000 രൂപ വാടക വരുന്ന വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ പറമ്പിൽ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് പൂജയ്ക്കായി അഞ്ചുപവന്റെയും മീനങ്ങാടി സ്വദേശിനിയായ യുവതിയിൽ നിന്നും എട്ടു പവന്റെയും സ്വർണാഭരണങ്ങൾ തട്ടിയെടുത്തു. മണിയങ്കോട് സ്വദേശി സന്തോഷ് എന്നയാളിൽ നിന്നും ഒരു ലക്ഷം രൂപ കൈപ്പറ്റുകയും നിധി കുഴിച്ചെടുക്കാനെന്ന പേരിൽ വീടിനു ചുറ്റും ആഴത്തിൽ കുഴികളെടുത്ത് വീടും പരിസരവും വാസയോഗ്യമല്ലാതാക്കുകയും ചെയ്തു.നിരവധി ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.