ചങ്ങരംകുളം: ഇലക്ട്രോണിക് കടയിൽ നന്നാക്കാൻ നൽകിയ റേഡിയോ അഴിച്ചപ്പോൾ ഉള്ളിൽ നോട്ടുകെട്ടുകൾ. ചങ്ങരംകുളം ടൗണിൽ ബസ് സ്റ്റാൻഡ് റോഡിലെ മാർക്കോണി എന്ന ഇലക്ട്രോണിക്ക് കടയിലാണ് സംഭവം. 500 രൂപ നോട്ടുകൾ എണ്ണിനോക്കിയപ്പോൾ മൊത്തം 15,000 രൂപ. ടെക്നീഷ്യനായ ചിറവല്ലൂർ സ്വദേശി ഷറഫുദ്ധീൻ റേഡിയോ കൊണ്ടുവന്ന കല്ലുർമ്മ സ്വദേശികളെ മൊബൈലിൽ വിളിച്ച് കാര്യം പറഞ്ഞു. ഒരു വർഷം മുമ്പ് മരണപ്പെട്ട പിതാവ് ഉപയോഗിച്ചിരുന്ന റേഡിയോ ഉപയോഗശൂന്യമായത് ശ്രദ്ധയിൽ പെട്ട മക്കൾ നന്നാക്കാൻ കഴിയുമോ എന്നറിയാനാണ് കടയിലെത്തിച്ചത്. പിതാവ് പെൻഷൻ പണം ലഭിച്ചത് റേഡിയോയുടെ ബാറ്ററി ബോക്സിനുള്ളിൽ സൂക്ഷിച്ചതായിരിക്കാമെന്ന് വീട്ടുകാർ പറഞ്ഞു.