മലപ്പുറം : കരിപ്പൂർ വിമാനത്താവള വികസനത്തിന് 248.75 ഏക്കർ ഭൂമി ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്ക് കൈമാറാൻ ധാരണയായതിൽ പ്രതിഷേധവുമായി പ്രദേശവാസികൾ. 96.5 ഏക്കർ റൺവേയ്ക്കും 137 ഏക്കർ ടെർമിനലിനും 15.25 ഏക്കർ കാർ പാർക്കിംഗിനും ഏറ്റെടുക്കുകയെന്നതാണ് നിലവിൽ യോഗത്തിൽ ധാരണയായിട്ടുള്ളത്. എന്നാൽ സ്ഥലം വിട്ട് നൽകില്ലെന്ന നിലപാട് ശക്തമാക്കുകയാണ് സമരസമിതി.
വിമാനത്താവളത്തിന്റെ വികസനം നിലവിലെ സാഹചര്യത്തിൽ ആവശ്യമില്ലാത്തതാണെന്നും 2015 വരെ എല്ലാ വിമാനങ്ങളും ഇറങ്ങിയിരുന്നുവെന്നും സമിതി പറയുന്നു. 12 തവണയോളം ഇത്തരത്തിൽ വികസന പ്രവർത്തനത്തിന്റെ പേരിൽ വീടുകൾ ഒഴിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ മതിയായ നഷ്ട പരിഹാരം ലഭിച്ചില്ലെന്നും കാലിക്കറ്റ് എയർപോർട്ട് ആന്റി എവിക്ഷൻ സമര സമിതി കൺവീനർ സി.ജാസിർ കേരളകൗമുദിയോട് പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലും 1000 ത്തോളം വീടുകൾ ഒഴിപ്പിച്ചിരുന്നു. അന്ന് ഒഴിപ്പിച്ച് മാറി താമസിച്ചവരുടെ വീടുകൾ തന്നെയാണ് ഇനിയും സർക്കാർ ഒഴിപ്പിക്കാൻ പോകുന്നവയിൽ കൂടുതലും . പള്ളിക്കൽ പഞ്ചായത്തിലെ 6,7,8,9,10 വാർഡുകളിലെ വീടുകളാണ് ഒഴിപ്പിക്കലിൽ ഉൾപ്പെടുക. സർക്കാർ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവാനാണ് തീരുമാനമെങ്കിൽ പ്രത്യക്ഷ സമരങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപും നടന്നില്ല
കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇത്തരത്തിൽ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും ഭൂമിയേറ്റെടുക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളും എടുത്തിരുന്നു.
എന്നാൽ പ്രദേശവാസികളുടെ എതിർപ്പ് ശക്തമായതിനെ തുടർന്ന് നടപടികൾ മുന്നോട്ടുപോയില്ല.
വിമാനത്താവളത്തിൽ ഉപയോഗപ്പെടുത്താതെ കിടക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തണമെന്നായിരുന്ന നാട്ടുകാരുടെ പ്രധാന വാദം.
എയർപോർട്ട് വികസനം കൊണ്ടു വരുന്ന സമയത്ത് ഇവിടെയുണ്ടായേക്കാവുന്ന പാരിസ്ഥിതിക വിഷയങ്ങളെ കുറിച്ച് പഠനം നടത്തണം. ഇനിയും വികസനത്തിനായി ഭൂമി വിട്ട് കൊടുക്കാനാവില്ല.
ജാസിർ,ആന്റി എവിക്ഷൻ സമര സമിതി കൺവീനർ