പൊന്നാനി: കൃത്യമായ ആസൂത്രണത്തോടെ സംഘടിപ്പിക്കപ്പെട്ടതാണ് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളെന്ന് സി.പി.എം റിപ്പോർട്ടിംഗ്. പ്രവർത്തകരുടെ വൈകാരിക പ്രകടനമായിരുന്നു പ്രകടനങ്ങളെന്ന വാദം പാർട്ടി പൂർണ്ണമായും തള്ളുന്നു. പൊന്നാനിയിലെ പ്രതിഷേധത്തെ തള്ളിപ്പറയാൻ ടി.എം. സിദ്ദിഖ് തയ്യാറായില്ലെന്ന വിമർശനവും റിപ്പോർട്ടിംഗിലുണ്ട്. പരോക്ഷമായി ന്യായീകരിക്കുന്ന രീതിയാണ് സിദ്ദിഖ് സ്വീകരിച്ചതെന്നും കുറ്റപ്പെടുത്തുന്നു. പൊന്നാനി, പെരിന്തൽമണ്ണ മണ്ഡലങ്ങളിലെ നേതാക്കൾക്കെതിരായ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകർക്കുള്ള റിപ്പോർട്ടിംഗിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പ്രതിഷേധ പ്രകടനത്തിന് പിന്നിലെ ആസൂത്രണത്തിൽ പ്രവാസി സംഘടനയായ ഇസ്മെക്കിന്റെ പങ്ക് പ്രത്യേകം എടുത്തു പറയുന്നുണ്ട്. ടി.എം. സിദ്ദിഖിനെ സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിച്ചുള്ള സാമൂഹ്യമാദ്ധ്യമ പ്രചാരണം പ്രവാസലോകത്തു നിന്നാണ് പ്രധാനമായും ഉണ്ടായത്. ഇത് ഇസ്മെക്കിന്റെ അറിവോടെയായിരുന്നുവെന്നും കുറ്റപ്പെടുത്തലുണ്ട്.
അച്ചടക്ക നടപടിക്ക് വിധേയരായ ഓരോരുത്തരുടെയും പേരുകൾ എടുത്തു പറഞ്ഞും അവരുടെ അച്ചടക്ക ലംഘനം വിശദീകരിച്ചുമായിരുന്നു റിപ്പോർട്ടിംഗ്. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് 2011 മുതൽ പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായ സമീപനം പൊന്നാനിയിൽ നിന്നുണ്ടായിട്ടുണ്ട്. മുതിർന്ന നേതാക്കളുടെ അച്ചടക്ക ലംഘനത്തിനെതിരെ മാത്രമാണ് നടപടിയെടുത്തത്. സ്വയം വിമർശനത്തിന് തയ്യാറാവുകയും കൃത്യമായ വിശദീകരണം നൽകുകയും ചെയ്തവരെ നടപടിയിൽ നിന്നൊഴിവാക്കി.
പൊന്നാനിയിലെ പ്രതിഷേധ പ്രകടനമാണ് കുറ്റ്യാടിയിലെ പ്രകടനത്തിന് വഴിവച്ചത്. കേന്ദ്ര കമ്മിറ്റിയുടെ റിവ്യൂവിൽ പരാമർശിക്കപ്പെട്ട രണ്ട് മണ്ഡലങ്ങൾ പൊന്നാനിയും കുറ്റ്യാടിയുമായിരുന്നു. പൊന്നാനിയിൽ ഇപ്പോഴത്തേതിനേക്കാൾ കടുത്ത നടപടിയാണ് സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചതെന്നും നേതാക്കൾ പറഞ്ഞു.
അച്ചടക്ക ലംഘനത്തിന് തെളിവായി അന്വേഷണ കമ്മിഷൻ കണ്ടെത്തിയ ഡിജിറ്റൽ തെളിവുകൾ മുന്നിൽവച്ചായിരുന്നു വിശദീകരണം.
പെരിന്തൽമണ്ണയിലെ വി. ശശികുമാറിനും സി. ദിവാകരനുമെതിരായ അച്ചടക്ക നടപടിക്ക് കാരണം നേതൃപദവിയിൽ ഇരിക്കുന്നവരെന്ന നിലയിലുള്ള ജാഗ്രതക്കുറവായിരുന്നു. സമൂഹമാദ്ധ്യമ പോസ്റ്റുകളായിരുന്നു രണ്ടു പേർക്കും വിനയായത്. സ്വാധീനമേഖലകളിലെ ബൂത്തുകളിൽ വോട്ട് കുറഞ്ഞതും അച്ചടക്ക നടപടിക്ക് കാരണമായി.
റിപ്പോർട്ടിംഗ് ഇങ്ങനെ
പാർട്ടി കമ്മിഷനു മുന്നിൽ നൽകിയ മൊഴിയും പാർട്ടിക്ക് നൽകിയ വിശദീകരണവും തമ്മിൽ പെരുത്തപ്പെടാത്തവർക്കെതിരെയാണ് നടപടിയെടുത്തത്. നേതൃപദവിയിലിരിക്കുന്നവരുടെ ജാഗ്രതക്കുറവും അച്ചടക്ക നടപടിക്ക് കാരണമായി
(നേതാക്കളുടെ വിശദീകരണത്തിൽ നിന്ന്)