മലപ്പുറം: ജില്ലയിലെ സ്കൂളുകളിൽ കായിക പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യക്കുറവും കായികാദ്ധ്യാപകരുടെ കുറവും സൃഷ്ടിക്കുന്നത് വലിയ പ്രതിസന്ധി. കായിക പരിശീലനത്തിന് നിരവധി പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ പറയുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ പോലും സ്കൂളുകളിലില്ലാത്ത അവസ്ഥയാണ്. ജില്ലയിൽ 1,368 സ്കൂളുകൾക്കായി 303 കായികാദ്ധ്യാപകരാണുള്ളത്. അഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകാൻ നിലവിലെ സാഹചര്യത്തിലാവില്ല. ഒരു കായികാദ്ധ്യാപകന് ആ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും ചുമതലയുണ്ട്. സിലബസ്സ് അടിസ്ഥാനത്തിൽ പാഠ്യപദ്ധതി ഉണ്ടെന്നതല്ലാതെ യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിൽ പ്രത്യേകം പരിശീലനം നൽകുന്ന പദ്ധതി സ്കൂളുകളിലില്ല. പല സ്കൂളുകളിലും ഫ്രീ പിരിയഡായാണ് വിദ്യാർത്ഥികൾ പി.ടി പിരിയഡിനെ കാണുന്നത്. സ്കൂളിലെ പരിശീലന സൗകര്യങ്ങളുടെ കുറവും വേണ്ടത്ര അദ്ധ്യാപകരില്ലാത്തതുമാണ് പ്രധാന കാരണം. 500 വിദ്യാർത്ഥികളുള്ള യു.പി സ്കൂളുകളിൽ പ്രത്യേക അദ്ധ്യാപകനെ നിയമിക്കാറുണ്ട്. കായികാദ്ധ്യപകൻ എന്ന തരത്തിൽ തസ്തികയില്ല. ജില്ലയിലെ എൽ.പി സ്കൂളുകളിൽ കായിക വിദ്യാഭാസത്തിനുള്ള പ്രത്യേക സാഹചര്യങ്ങളൊന്നും തന്നെയില്ല. കായികാഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് പ്രൈമറി തലം മുതൽ തന്നെ പരിശീലനം നൽകിയാലേ ഉയർന്ന ക്ളാസുകളിൽ ഇവരുടെ കായിക മികവിവെ കായിക മേളകളിലടക്കം ഫലപ്രദമായി ഉപയോഗപ്പെടുത്താനാവൂ. നിലവിൽ മൈതാനങ്ങളില്ലാത്ത സ്കൂളുകളിൽ കായിക പരിശീലനത്തിന് അനുയോജ്യമായ മൈതാനങ്ങൾ നിർമ്മിക്കണം. കൂടുതൽ സ്പോർട്സ് ഉപകരണങ്ങളും സ്കൂളുകൾക്കായി അനുവദിക്കണം.
കായികാദ്ധ്യാപകർ നന്നേ കുറവ്
ജില്ലയിൽ ആകെ 856 എൽ.പി സ്കൂളുകളാണുള്ളത്. ഒരു സ്കൂളിലും കായികാദ്ധ്യാപകന്റെ തസ്തികയില്ല. 324 യു.പി സ്കൂളുകളിലായി 109 പ്രത്യേക അദ്ധ്യാപകരാണുള്ളത്. 202 ഹൈസ്കൂളുകൾക്ക് 192 കായികാദ്ധ്യാപകരുണ്ട് ഹയർസെക്കന്ററിക്കും വി.എച്ച്.എസ്.എസിനും ഫിസിക്കൽ ട്രൈനിംഗിന്റെ പിരിയഡ് പോലും ഇല്ല. കായികപരമായി വിദ്യാർത്ഥികളെ ഉയർത്തിക്കൊണ്ടുവരാൻ സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ തൊട്ട് വികസിപ്പിക്കേണ്ടതുണ്ട്.
500 കുട്ടികളുള്ള യു.പി സ്കൂളുകളിൽ ഒരു പ്രത്യേക അദ്ധ്യാപകൻ എന്ന രീതി മാറ്റി എല്ലാ സ്കൂളുകൾക്കും കായികാദ്ധ്യാപകരെ നിയമിക്കണം. മൈതാനങ്ങളും മികവുറ്റതാക്കണം.
ഫാറൂഖ് പത്തൂർ, കായികാദ്ധ്യാപകൻ