പൊന്നാനി: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂൾ തുറക്കാനുള്ള യോഗം നടന്ന വേദിയിൽ പിന്നീട് കണ്ടത് നൂറുകണക്കിന് പേരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള കുടുംബശ്രീ അംഗങ്ങളുടെ ശിൽപ്പശാല. അകത്തിരിക്കാൻ സ്ഥലമില്ലാതെ പുറത്ത് വരാന്തയിലും നൂറുകണക്കിന് സ്ത്രീകൾ തടിച്ചു കൂടി.
ആൾക്കൂട്ട നിയന്ത്രണം വേണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്നതിനിടെയാണ് ആയിരങ്ങളെ വിളിച്ചു ചേർത്തത്. പൊന്നാനി നഗരസഭയുടെ കീഴിലുള്ള എൻ.യു. എൽ.എമ്മും കുടുംശ്രീയും സംയുക്തമായിവിളിച്ചു ചേർത്ത നഗരശ്രീ എന്ന പേരിലുള്ള അയൽക്കൂട്ടം അംഗങ്ങളുടെ യോഗമാണ് നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ പൊന്നാനി എ.വി ഹൈസ്‌കൂളിൽ നടന്നത്.
സ്‌കൂൾ തുറക്കുമ്പോൾ ഒരു ബെഞ്ചിൽ രണ്ട് കുട്ടികളെ മാത്രം ഇരുത്തണമെന്ന നിർദ്ദേശമുള്ളപ്പോൾ ഒരു ബെഞ്ചിൽ നാല് പേരുൾപ്പെടെ മുതിർന്ന സ്ത്രീകളാണ് ഇരുന്നത്. യാതൊരു വിധ സാമൂഹിക അകലവും പാലിക്കപ്പെട്ടില്ല. ഇതും തികയാതെ വന്നപ്പോഴാണ് പുറത്ത് വരാന്തയിലും നൂറുകണക്കിന് പേർ നിരന്നത്. പുറത്ത് നിന്ന് വെയിൽ കൊണ്ടവർക്ക് അമർഷം വേറെയും. സംഗതി പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ കൗൺസിലർമാരിൽ ചിലർ നേരത്തെ തന്നെ സ്ഥലം കാലിയാക്കി.
കൊവിഡ് കാലത്ത് നഗരസഭ തന്നെ മാനദണ്ഡങ്ങൾ ലംഘിക്കണമോ എന്നാണ് പൊതുജനത്തിന്റെ ചോദ്യം.
പൊന്നാനി നഗരസഭ എ.വി ഹൈസ്‌ക്കൂളിൽ സംഘടിപ്പിച്ച കുടുംബശ്രീ ശില്പശാലയിൽ പങ്കെടുത്തവർ ഹാൾ നിറഞ്ഞു കവിഞ്ഞ് പുറത്ത് തടിച്ചുകൂടിയപ്പോൾ