fund

മലപ്പുറം: വികസന പ്രവർത്തനങ്ങൾക്ക് വകയിരുത്തിയ ഫണ്ടിൽ 18.84 ശതമാനം മാത്രമാണ് സാമ്പത്തിക വർഷം പകുതി പിന്നിട്ടിട്ടും തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിച്ചത്. അഞ്ച് വർഷത്തിനിടയിലെ താഴ്ന്ന നിരക്കാണിത്. കഴിഞ്ഞ വർഷം ഇതേസമയം 37.3 ശതമാനം തുക ചെലവഴിച്ചിരുന്നു.

ഈ സാമ്പത്തിക വർഷം 6,306 കോടിയാണ് തദ്ദേശസ്ഥാപനങ്ങളുടെ ബഡ്ജറ്റ് വിഹിതം. ഇന്നലെ വരെ ചെലവഴിച്ചത് 1,188 കോടിയാണ്. 5,118 കോടിരൂപ ബാക്കി കിടക്കുന്നു. സാമ്പത്തിക വർഷത്തിന്റെ അവസാനം ധൃതിപിടിച്ച് തുക ചെലവഴിക്കുന്ന രീതിക്ക് ഇത്തവണയും മാറ്റമുണ്ടാവില്ലെന്നു സാരം.

തുക വിനിയോഗത്തിൽ ആലപ്പുഴ, തൃശൂർ, പാലക്കാട്, കൊല്ലം ജില്ലകൾ 20 ശതമാനത്തിന് മുകളിലെത്തി. കാസർകോട്, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലകളാണ് പിന്നിൽ. 16 ശതമാനം തുകയേ ചെലവഴിച്ചിട്ടുള്ളൂ.

തൃശൂരിലെ പൂമംഗലം ഗ്രാമപഞ്ചായത്ത് 50.15 ശതമാനം തുക ചെലവഴിച്ച് മുന്നിലാണ്. ചുനക്കര, നെടുമുടി, പുൽപ്പള്ളി, കാർത്തികപള്ളി പഞ്ചായത്തുകൾ 40 ശതമാനത്തിന് മുകളിൽ തുക ഉപയോഗപ്പെടുത്തി. ഇടുക്കിയിലെ വട്ടവടയാണ് ഏറ്റവും പിന്നിൽ. 3.40 ശതമാനം. 10 ശതമാനത്തിൽ താഴെ 30 ഗ്രാമപഞ്ചായത്തുകളുണ്ട്. 300 പഞ്ചായത്തുകളിൽ സംസ്ഥാന ശരാശരിക്കും താഴെയാണ് ഫണ്ട് വിനിയോഗം.

മുനിസിപ്പാലിറ്റികളിൽ മലപ്പുറത്തെ തിരൂരങ്ങാടിയാണ് മുന്നിൽ. 31.61 ശതമാനം തുക പ്രയോജനപ്പെടുത്തി. കോതമംഗലവും പട്ടാമ്പിയുമാണ് 30 ശതമാനം കൈവരിച്ച മറ്റ് മുനിസിപ്പാലിറ്റികൾ. മലപ്പുറത്തെ വളാഞ്ചേരിയാണ് ഏറ്റവും പിന്നിൽ. 4.26 ശതമാനം. 10 ശതമാനത്തിന് താഴെ ചെലവഴിച്ച 10 മുനിസിപ്പാലിറ്റികളുണ്ട്.

കോർപ്പറേഷനുകളിൽ കൊല്ലമാണ് മുന്നിൽ. 35.61 ശതമാനം ചെലവഴിച്ചു. തിരുവനന്തപുരം ഏറ്റവും പിന്നിലും. 159.13 കോടിയിൽ 17.34 കോടി മാത്രം ചെലവാഴിച്ചു (18.90 ശതമാനം). ജില്ലാ പഞ്ചായത്തുകളിൽ തൃശൂരാണ് മുന്നിൽ. ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട് എന്നിവ പിന്നിലും. 10 ശതമാനത്തിൽ താഴെയാണ് ഫണ്ട് വിനിയോഗം.

കാരണങ്ങൾ
 കൊവിഡിനെ തുടർന്ന് ഗ്രാമസഭ ചേരാൻ അനുമതിയില്ല. വ്യക്തിഗത അപേക്ഷകളിൽ നിർവഹണ ഉദ്യോഗസ്ഥർ വീടുകളിലെത്തി പരിശോധന നടത്താൻ സമയമെടുക്കുന്നു

അസിസ്റ്റന്റ് എൻജിനിയർ, കൃഷി ഓഫീസർ എന്നിവർക്ക് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ ചുമതലയുള്ളതിനാൽ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവുന്നില്ല

 പ്രവൃത്തികളിൽ നല്ലൊരു പങ്കും മരാമത്ത്, കൃഷി മേഖലകളിലാണ്. സ്പിൽഓവർ പദ്ധതികൾക്ക് ഏപ്രിലിൽ നൽകാറുള്ള അനുമതി ജൂലായിലേക്ക് നീണ്ടു

പഞ്ചായത്ത്

 മുന്നിൽ: തൃശൂർ പൂമംഗലം

 പിന്നിൽ: ഇടുക്കി വട്ടവട

മുനിസിപ്പാലിറ്റി

 മുന്നിൽ: മലപ്പുറം തിരൂരങ്ങാടി

 പിന്നിൽ: മലപ്പുറം വളാഞ്ചേരി

കോർപ്പറേഷൻ

 മുന്നിൽ: കൊല്ലം

 പിന്നിൽ: തിരുവനന്തപുരം

സ്ഥാപനം........................ബഡ്ജറ്റ്...........ചെലവിട്ടത്

 ഗ്രാമപഞ്ചായത്ത്: 3,350.89 കോടി, 700.89 കോടി

 മുനിസിപ്പാലിറ്റി: 939.11, 153.07

 ബ്ളോക്ക് പഞ്ചായത്ത്: 802.70,151.23

 ജില്ലാ പഞ്ചായത്ത്: 802.70, 105.21

 കോർപ്പറേഷൻ: 411.25, 77.73