മലപ്പുറം: ദേശീയ, സംസ്ഥാനപാതകൾ കടന്നുപോവുന്ന പ്രധാന ഇടങ്ങളിൽ വൈദ്യുതി വാഹനങ്ങൾക്കുള്ള ചാർജ്ജിംഗ് സ്റ്റേഷനുകൾ തുടങ്ങാനുള്ള അനർട്ടിന്റെ പദ്ധതിയോട് മുഖം തിരിച്ച് ജില്ലയിലെ നഗരസഭകൾ. പെരിന്തൽമണ്ണ, മഞ്ചേരി, മലപ്പുറം, കോട്ടയ്ക്കൽ, പൊന്നാനി നഗരസഭകളോട് ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ സ്ഥലം അനുവദിക്കണമെന്ന ആവശ്യവുമായി മൂന്നുമാസം മുമ്പ് അനർട്ട് അധികൃതർ സമീപിച്ചിരുന്നെങ്കിലും പെരിന്തൽമണ്ണ ഒഴികെ മറ്റൊരിടത്തും അനുമതി നൽകിയിട്ടില്ല. വൈദ്യുതി വാഹനങ്ങളുടെ സ്വീകാര്യതയും എണ്ണവും വർദ്ധിക്കുമ്പോഴും ചാർജ്ജിംഗ് സ്റ്റേഷനുകൾ വേണ്ടെന്ന നിലപാടിലാണ് മുനിസിപ്പാലിറ്റികൾ.

അനർട്ടിന്റെ അപേക്ഷയിൽ രേഖാമൂലം മറുപടി നൽകാതെ ഇപ്പോൾ പരിഗണനയിലില്ലെന്ന ഒഴുക്കൻ മറുപടിയാണ് നഗരസഭകൾ നൽകിയിട്ടുള്ളത്. കോട്ടയ്ക്കൽ നഗരസഭ കൗൺസിലിൽ ചർച്ച ചെയ്ത് രണ്ട് സ്ഥലങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും തുടർനടപടികൾ നിലച്ചു. പാലത്തറയിലോ നഗരസഭ ഓഡിറ്റോറിയത്തിലോ സ്ഥാപിക്കാനായിരുന്നു പദ്ധതിയിട്ടത്. മഞ്ചേരി, മലപ്പുറം, പൊന്നാനി നഗരസഭകൾ പ്രതികരിച്ചിട്ടേയില്ല. മലപ്പുറത്ത് ചാർജ്ജിംഗ് സ്റ്റേഷൻ ഏറെ അനിവാര്യമാണെന്ന വിലയിരുത്തലിനെ തുടർന്ന് കുന്നുമ്മലിൽ അനർട്ടിന്റെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും കെ.എസ്.ഇ.ബി ലൈൻ വലിക്കുന്നതിന് 19 ലക്ഷം രൂപ ചെലവ് വരുമെന്നതിനാൽ ഇത് ഉപേക്ഷിച്ചു.

ഒരുചെലവുമില്ല,​ എന്നിട്ടും

ചാർജ്ജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്ന സ്ഥലം പത്ത് വർഷത്തേക്ക് അനർട്ടിന് ലീസിന് നൽകേണ്ടി വരും. ഒരു യൂണിറ്റ് വൈദ്യുതി ചാർജ്ജ് ചെയ്യുമ്പോൾ 70 പൈസ നിരക്കിൽ നഗരസഭയ്ക്ക് വാടകയായി നൽകും. പദ്ധതിക്ക് സാങ്കേതികാനുമതി നൽകലും സ്ഥലം കണ്ടെത്തലും മാത്രമാണ് നഗരസഭയുടെ ഉത്തരവാദിത്വം. ചാർജ്ജിംഗ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള ചെലവുകളും നടത്തിപ്പും അനർട്ട് നിർവഹിക്കും. മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുന്ന Electreefi എന്ന ആപ്പ് വഴിയാണ് ചാർജ്ജിംഗ് നിയന്ത്രിക്കുന്നതും പണമടക്കുന്നതുമെല്ലാം എന്നതിനാൽ ചാർജ്ജിംഗ് സ്റ്റേഷനുകളിൽ ജീവനക്കാരുടെ ആവശ്യമില്ല. തിരുവനന്തപുരത്ത് ഗസ്റ്റ് ഹൗസുകളിലും ആലപ്പുഴയിൽ കെ.ടി.ഡി.സി ഹോട്ടലുകളും കേന്ദ്രീകരിച്ച് ചാർജ്ജിംഗ് സ്റ്റേഷനുകൾ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുറ്റിപ്പുറത്തെ കെ.ടി.ഡി.സി ഹോട്ടലുമായി അനർട്ട് ബന്ധപ്പെട്ടിരുന്നെങ്കിലും പുതിയ കെട്ടിടം നിർമ്മിക്കാൻ പദ്ധതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്ഥലം അനുവദിച്ചില്ല. കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടൽ ചാർജ്ജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ അനുയോജ്യവുമല്ല.

പ്രധാന പാതകൾ കടന്നുപോവുന്ന നഗരസഭകൾക്ക് ചാർജ്ജിംഗ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള സ്ഥലം അനുവദിക്കാൻ കത്ത് നൽകിയിരുന്നു. പെരിന്തൽമണ്ണയിൽ നിന്നൊഴികെ മറുപടി ലഭിച്ചില്ല. കെ.എസ്.ഇ.ബി കണക്‌ഷൻ ലഭിക്കുന്നതോടെ പെരിന്തൽമണ്ണയിലെ ചാർജ്ജിംഗ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങും.

നഹാസ്, അനർട്ട് ജില്ലാ എൻജിനിയർ.