മലപ്പുറം: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നതിന്റെ ആശങ്കയിലാണ് ജില്ല. കൊണ്ടോട്ടിയിൽ പഠന ആവശ്യത്തിനായി പോവുകയായിരുന്നു 21കാരിയെ പട്ടാപ്പകൽ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ ഞെട്ടലിലാണ് നാട്. പ്രതി 15 വയസുകാരനും നാട്ടുകാരനുമാണ്. പീഡനശ്രമം ചെറുത്ത യുവതിയെ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ചതും ഷാൾ വായ്ക്കുള്ളിൽ കുത്തിത്തിരുകിയ നിലയിൽ അർദ്ധനഗ്നയായി സമീപത്തെ വീട്ടിൽ യുവതി ഓടിക്കയറേണ്ടി വന്നതുമായ സംഭവം മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നു. സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട് പീഡിപ്പിക്കുന്ന പരാതികളും വർദ്ധിച്ചിട്ടുണ്ട്. പ്രായപൂർത്തിയാവാത്ത കുട്ടികളാണ് ഇരകളിൽ നല്ലൊരു പങ്കും. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനായി നിരവധി പദ്ധതികളും ബോധവത്കരണവും നടപ്പാക്കുമ്പോഴും ഇതൊന്നും വേണ്ട വിധത്തിൽ ഫലപ്രാപ്തിയിലെത്തുന്നില്ല എന്നതിന്റെ തെളിവാവുകയാണ് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന കേസുകൾ. ഒരാഴ്ചക്കിടെ നാല് പീഡന കേസുകളിലായി അഞ്ച് പേരാണ് അറസ്റ്റിലായത്. ഇതിൽ ഒരാളൊഴികെ മറ്റെല്ലാവരും 30 വയസിന് താഴെയുള്ളവരാണ്.
ഈ വർഷം ജൂൺ വരെ സ്ത്രീകൾക്കെതിരെയുള്ള 623 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതിന് ശേഷമുള്ള കണക്കുകൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ജനുവരി മുതൽ ആഗസ്റ്റ് വരെ 9,594 കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 1,446 കേസുകൾ ലൈംഗിക പീഡന കേസുകളാണ്.
കുറയാതെ ആശങ്ക
2017 മുതൽ ജില്ലയിൽ സ്ത്രീകൾ ഇരകളാവുന്ന കേസുകളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. 2017ൽ 1,323 കേസുകളെങ്കിൽ 2020 ൽ 1,617 എണ്ണമായി ഉയർന്നു. ഈ വർഷം ജൂൺ വരെ 623 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം 154 ബലാത്സംഗ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
വർഷം ബലാത്സംഗം ലൈംഗിക പീഡനശ്രമം തട്ടികൊണ്ടുപോവൽ മറ്റ് കേസ് ആകെ
2017 171 - 356 - 7 - 783 1323
2018 188 - 404 - 7 - 883 - 1351
2019 203 - 374 - 17 - 1,257 - 1,477
2020 154 - 412 - 17 - 1034 - 1617