മലപ്പുറം : ജില്ലയിൽ സിനിമാ തിയേറ്ററുകൾ തുറന്നെങ്കിലും ആശങ്കയുടെ മുൾമുനയിലാണ് തിയേറ്ററുടമകൾ. അന്യഭാഷാ ചിത്രങ്ങളോടെ തിയേറ്ററുകൾ തുറന്നെങ്കിലും കാണികൾ തീരെയില്ല. മലയാള ചിത്രങ്ങൾ എത്തുന്നതോടെ നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ. ഏറെക്കാലം അടഞ്ഞുകിടന്നതിന്റെയും ഉപകരണങ്ങൾ കേടുവരാതിരിക്കാൻ സ്ഥിരമായി പ്രവർത്തിപ്പിക്കേണ്ടി വന്നതിന്റെയും നഷ്ടം നികന്നുവരണമെങ്കിൽ തന്നെ സമയമെടുക്കും.
മാർവൽ സ്റ്റുഡിയോസിന്റെ ഷാൻ-ചി എന്ന ഇംഗ്ലീഷ് സിനിമ മാത്രമാണ് നിലവിൽ തിയേറ്ററുകളിൽ പ്രദർശനമുള്ളത്. സാധാരണ യുവാക്കളാണ് ഇത്തരം ചിത്രങ്ങൾക്കെത്തുക. അവർപോലും കാര്യമായി തിയേറ്ററിലേക്കെത്തുന്നില്ല. ടെലഗ്രാമിലൂടെ നേരത്തെ തന്നെ മിക്കവരും കണ്ടിരിക്കാമെന്നതിനാലാവാം തിരക്കില്ലാത്തതെന്നാണ് തിയേറ്ററുടമകളുടെ നിഗമനം.
കൊവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രമാണ് തിയേറ്ററുകളിലേക്ക് പ്രവേശനം. ജില്ലയിൽ ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 28,89,362 ആണെങ്കിലും രണ്ടാം ഡോസ് സ്വീകരിച്ചവർ 10,77,724 പേർ മാത്രമാണ്. 18നും 30നും ഇടയിലുള്ളവർക്കാണ് രണ്ടാം ഡോസ് അധികം ലഭിച്ചിട്ടില്ലാത്തത്. ഒരേ സമയം പകുതി സീറ്റുകളിലേ ആളുകളെ പ്രവേശിപ്പിക്കാവൂ. വിനോദ നികുതിയിൽ സർക്കാരിൽ നിന്നും ഇളവ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. ആളുകൾ കുറവാണെങ്കിലും തിയേറ്ററുകളിലെ എ.സി അടക്കമുള്ള സംവിധാനങ്ങൾ അധിക സമയവും പ്രവർത്തിപ്പിക്കേണ്ടതുണ്ട്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് മാസം തോറും തിയേറ്ററുകൾക്ക് വരുന്ന വൈദ്യുതി ബില്ല്. ഒരു ടിക്കറ്റിന്റെ 60 ശതമാനം ലാഭം വിതരണക്കാർക്കും 40 ശതമാനം ലാഭം ഉടമകൾക്കുമാണ്. 40 ശതമാനത്തിൽ നിന്ന് 9 രൂപ വിനോദ നികുതിയും 18 രൂപ ജി.എസ്.ടി ഇനത്തിലേക്കും ചെലവാകും. ഇതിന് പുറമേ ജോലിക്കാർക്കുള്ള ശമ്പളമടക്കം ഒടുക്കുന്നതോടെ നിലവിലെ സാഹചര്യത്തിൽ തിയേറ്റർ തുറന്നാലും കീശ കാലിയാവുന്ന അവസ്ഥയാണ്. ജില്ലയിലെ എല്ലാ തിയേറ്റുകളും പൂർണ്ണമായി തുറന്നിട്ടില്ല. തുറന്നാലും നിലവിലെ സാഹചര്യത്തിൽ നഷ്ടം കുമിഞ്ഞു കൂടുമെന്ന ആശങ്കയിലാണ് ഉടമകൾ. നിലമ്പൂരിലെ രണ്ട് തിയേറ്ററുകൾ പ്രവർത്തനം സ്ഥിരമായി അവസാനിപ്പിച്ചു. മലയാളം,തമിഴ് സിനിമകൾ വരും ദിവസങ്ങളിൽ സജീവമാവുമെന്ന പ്രതീക്ഷയിലാണ് ചിലരുള്ളത്.
ഒരു മാസത്തെ ചെലവ്
കറന്റ് ബില്ല് -എസി തിയേറ്റർ 1 ലക്ഷം - നോൺ എസി - 45000
ജീവനക്കാരുടെ ശമ്പളം - 35000 മുതൽ 80000 വരെ
ജി.എസ്.ടി - ടിക്കറ്റൊന്നിന് 18 രൂപ
വിനോദ നികുതി - ടിക്കറ്റൊന്നിന് 9 രൂപ
സിനിമകളോടുള്ള ഇഷ്ടമാണ് പലരെയും തിയേറ്ററുകൾ മുന്നോട്ടുകൊണ്ടുപോവാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷം ചെലവ് മാത്രമാണ് ഉണ്ടായിരുന്നത്. കറന്റ് ബില്ലടക്കമുള്ള കാര്യങ്ങളിൽ ഇളവുകൾ തരാൻ സർക്കാരിന് സാധിച്ചാൽ പിടിച്ചു നിൽക്കാനാവും.
മാനേജർ
ശ്രീദേവി സിനിപാലസ്, തിയേറ്റർ, മഞ്ചേരി