വിദേശ സഞ്ചാരികൾക്കും സാഹിത്യ പ്രേമികൾക്കും ഒരു ശൃംഖലയിലൂടെ മലബാറിന്റെ ആത്മാവിനെ തൊട്ടറിയാൻ സഹായിക്കുന്നതാണ് മലബാർ ലിറ്റററി സർക്യൂട്ട്. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ലിറ്റററി സർക്യൂട്ട് യാഥാർത്ഥ്യമായാൽ അത് മലബാറിന്റെ ടൂറിസം വികസനത്തിന് പുതുവഴിതെളിക്കും. ഒപ്പം കേരളത്തിലെ തന്നെ സാഹിത്യ രംഗത്തിന് പുതിയ ഉണർവും സമ്മാനിക്കും. തുഞ്ചത്തെഴുത്തച്ഛൻ, ഒ.വി.വിജയൻ, എം.ടി.വാസുദേവൻ നായർ എന്നിവരുടെ ജീവിതവും സാഹിത്യവും പുതിയ തലമുറയ്ക്ക് പഠിക്കാനും അതിലൂടെ സംസ്‌കാരത്തെ അറിയാനും വഴിയൊരുക്കുന്നതോടൊപ്പം നിളാതീരത്തെ സാംസ്‌കാരിക പൈതൃകവും കോർത്തിണക്കുന്നതാണ് പദ്ധതി. രാജ്യത്ത് തന്നെ ആദ്യമായാണ് സാഹിത്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസം പദ്ധതി കൊണ്ടുവരുന്നത്.
പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സുപ്രധാനമായ സാഹിത്യ, സാംസ്‌കാരിക കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിലാണ് ലിറ്റററി ടൂറിസം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മലയാളഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛൻ മുതൽ മലയാളത്തിലെ എക്കാലത്തെയും പ്രഗല്‌ഭരായ എഴുത്തുകാരായ വൈക്കം മുഹമ്മദ് ബഷീർ, ഉറൂബ്, എം.ടി.വാസുദേവൻ നായർ, ഒ.വി.വിജയൻ തുടങ്ങിയവരുടെ ജന്മസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതി കേരളത്തിന്റെ ടൂറിസം, സാംസ്‌കാരിക മേഖലകളെ ഉയർന്ന നിലവാരത്തിന്റെ പുതിയ തലങ്ങളിലേക്കെത്തിക്കാൻ പ്രാപ്തമായ ഒന്നാകും. ഈ കേന്ദ്രങ്ങൾക്കൊപ്പം വള്ളുവനാടിന്റെ സംസ്‌കാര വാഹിനിയായ ഭാരതപ്പുഴയുടെ തീരങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ പൂർണരൂപം പിറവിയെടുക്കാനിരിക്കുന്നതേയുള്ളൂവെങ്കിലും പ്രതീക്ഷകളേറെയാണ്. ഓരോ ജില്ലയിലെയും പ്രധാന സാഹിത്യ കേന്ദ്രങ്ങൾക്കൊപ്പം ഈ പ്രദേശങ്ങളിൽ പ്രഗൽഭരായ മറ്റു പല എഴുത്തുകാരുടെയും സാംസ്‌കാരിക നായകരുടെയും ജന്മസ്ഥലങ്ങളുണ്ട്. അവയെല്ലാം കൂട്ടിയിണക്കിയുള്ള വിപുലമായൊരു പദ്ധതിയാകും നടപ്പാകുക. ഈ പദ്ധതിക്കും കൊല്ലം ജില്ല കേന്ദ്രീകരിച്ചുള്ള ജൈവ വൈവിധ്യ സർക്യൂട്ട് പദ്ധതിക്കുമായി അമ്പത് കോടി രൂപയാണ് ബഡ്ജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. അതത് എം.എൽ.എമാർ, ടൂറിസം വകുപ്പ്, ഹരിതമിഷൻ എന്നിവയുമായി ചേർന്നാണ് പദ്ധതി നടത്തിപ്പ്.
അന്താരാഷ്ട്ര ടൂറിസത്തിൽ
മറ്റൊരടയാളം
സാംസ്‌കാരിക ടൂറിസമെന്ന ആശയം കേരളത്തിന് പുതുമയുള്ളതല്ല. അറിയപ്പെടുന്ന എഴുത്തുകാരുടെ ജന്മസ്ഥലങ്ങളിൽ ഏറെ കാലമായി സാംസ്‌കാരിക നിലയങ്ങളും സാംസ്‌കാരികോത്സവങ്ങളും സംഘടിപ്പിക്കുന്നുണ്ട്. മലബാറിൽ തന്നെ പെരിന്തൽമണ്ണയിലെ പൂന്താനം സാഹിത്യോത്സവം, പാലക്കാട് തസ്രാക്കിലെ ഒ.വി.വിജയൻ സാംസ്കാരിക സമിതി, കൊണ്ടോട്ടിയിലെ മോയിൻകുട്ടി വൈദ്യർ സ്മാരകം, കോഴിക്കോട്ടെ സാഹിത്യോത്സവം എന്നിവ ഇത്തരത്തിൽ പ്രാദേശികമായി സാംസ്‌കാരിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന വേദികളാണ്. മലബാറിൽ ഇത്തരം കേന്ദ്രങ്ങൾക്ക് ഇനിയും സാദ്ധ്യതയേറെയാണ്. സാഹിത്യത്തെയും വായനയെയും നെഞ്ചോട് ചേർക്കുന്ന മലയാളിക്ക് എഴുത്തുകാരുടെ ജന്മസ്ഥലങ്ങൾ എക്കാലവും വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ഒരുക്കുന്നിടമാണ്. എഴുത്തുകാരുടെ വീടും അവരുടെ ഗ്രാമവും കാണുന്നതിന് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് സഞ്ചാരികൾ എത്താറുണ്ടെന്നത് വസ്തുതയാണ്.
തസ്രാക്ക്, എം.ടിയുടെ ജന്മനാടായ കൂടല്ലൂർ തുടങ്ങി ചരിത്രവും കഥകളുമുറങ്ങുന്ന തീരം സാഹിത്യ ടൂറിസത്തിന് ഏറെ സാദ്ധ്യത തുറന്നിടുന്നുണ്ട്. കൊടുമ്പിലെ തസ്രാക്കിൽ നിന്ന് തുടങ്ങി ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല വഴി തിരൂർ തുഞ്ചൻ പറമ്പിൽ അവസാനിക്കുന്നതാണ് ജില്ലയിലെ ടൂറിസം സർക്യൂട്ട്. പ്രാദേശിക ടൂറിസത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്താനും മലബാർ ലിറ്റററി സർക്യൂട്ടിന് കഴിഞ്ഞേക്കും.
വൈക്കം മുഹമ്മദ് ബഷീറിന്റെ ബേപ്പൂരിലെ വീട് എല്ലാക്കാലത്തും സാഹിത്യകാരുടെയും വായനക്കാരുടെയും ഇഷ്ടസന്ദർശന കേന്ദ്രമാണ്. തിരൂരിൽ ഭാഷാപിതാവിന്റെ പേരിലുള്ള തുഞ്ചൻപറമ്പ് സാഹിത്യ വിദ്യാർത്ഥികൾ മാത്രമല്ല എല്ലാതരം ആളുകളും എത്തുന്ന ഇടമാണ്. ജ്ഞാനപീഠ ജേതാവ് എം.ടി.വാസദേവൻ നായരുടെ ജന്മനാടായ കൂടല്ലൂരിലും സാഹിത്യ പ്രേമികളും കൗതുകത്തോടെ എത്തുന്നു. ഒ.വി.വിജയന്റെ തസ്രാക്ക്, വി.കെ.എന്നിന്റെ തിരുവില്വാമല തുടങ്ങിയ സ്ഥലങ്ങളും മലയാളി വായനക്കാർക്ക് എക്കാലത്തും പ്രിയപ്പെട്ട സ്ഥലങ്ങളാണ്. പറയിപെറ്റ പന്തിരുകുലത്തിന്റെ നാടായ തൃത്താല, കൂനത്തറ കവളപ്പാറ, വരിക്കാശേരി മന, രായിരനെല്ലൂർ മല, കിള്ളിക്കുറിശി മംഗലം എന്നിവയും ഈ സർക്യൂട്ടിൽ ഉൾപ്പെടും. ഇവയിൽ ചിലതെല്ലാം പലപല ഘട്ടങ്ങളിലായി ഒരു തവണയെങ്കിലും സന്ദർശിച്ചവരായിരിക്കും സാഹിത്യ പ്രേമികളിൽ അധികംപേരും. പക്ഷേ, എല്ലാ സ്ഥലങ്ങളും ഒരു യാത്രയിൽ കാണുന്നതിനുള്ള പ്രത്യേക സംവിധാനമാണ് ലിറ്റററി ടൂറിസം പദ്ധതി തുറന്നിടുന്നത്.
നിളാ സംരക്ഷണവും
പദ്ധതിയുടെ ഭാഗമാകും
പശ്ചിമഘട്ടം മുതൽ പൊന്നാനി വരെ നീണ്ടുകിടക്കുന്ന നിളാനദിയോരത്തെ കൂടി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിളാസംരക്ഷണവും നിളയോര ടൂറിസം വികസനവും ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികൾ ടൂറിസംവകുപ്പിന് കീഴിൽ കഴിഞ്ഞ സർക്കാർ വിഭാവനം ചെയ്തിരുന്നു. പക്ഷേ, അവയിൽ പലതും ആരംഭിച്ചിട്ടില്ല. തുടങ്ങിയവയ്ക്കാണെങ്കിൽ തുടർച്ചയുമുണ്ടായില്ല. പുതിയ ലിറ്റററി സർക്യൂട്ട് പദ്ധതിയുമായി സംയോജിപ്പിച്ചാൽ നിളയുടെ സംരക്ഷണത്തിലും പുതുജീവൻ വയ്ക്കുമെന്നാണ് പ്രതീക്ഷ. മലയാളിയുടെ ബൗദ്ധികമായുള്ള നിലവാരം വർദ്ധിപ്പിക്കുന്നതിന് ഈ പദ്ധതി പ്രയോജനകരമാകുമെന്നും വിലയിരുത്തുന്നുണ്ട്. വരുംതലമുറയിലെ കുട്ടികളിൽ യാത്രകളെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിയെടുക്കാനും ഇത് ഉപകരിക്കും. വാണിജ്യവത്കരിക്കപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കപ്പുറത്ത് ലളിതവും വിജ്ഞാനദായകവുമായ ടൂറിസ്റ്റ് സംസ്‌കാരം കൂടിയുണ്ടെന്ന തിരിച്ചറിവുണ്ടാക്കുന്നതിൽ ലിറ്റററി ടൂറിസം പദ്ധതിക്ക് നിർണായപങ്ക് വഹിക്കാനാകും.
മലബാറിന്റെ സാഹിത്യ, സാംസ്‌കാരിക ചരിത്രത്തോടും യാഥാർത്ഥ്യങ്ങളോടും നീതിപുലർത്തുന്ന രീതിയിൽ അതിനെ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ നടപ്പാക്കാവുന്ന ഒരു പദ്ധതിയല്ല. ഏറെ ഗവേഷണങ്ങളും ചർച്ചകളും പരിഗണനകളും ഇക്കാര്യത്തിൽ ആവശ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹകരണം പദ്ധതിയിൽ ഉപയോഗപ്പെടുത്തിയാൽ നിർദ്ദിഷ്ട മേഖലകളിലെ സുപ്രധാന സാഹിത്യ, സാംസ്‌കാരിക കേന്ദ്രങ്ങളെ കൂടി സർക്യൂട്ടിൽ വിളക്കിച്ചേർക്കാം. ഒരു പരീക്ഷണമെന്ന നിലയിൽ ഈ പദ്ധതി കേരളത്തിന് മുന്നിൽ വലിയ സാദ്ധ്യതകൾ തുറക്കുന്നുണ്ട്. മലബാർ ലിറ്റററി സർക്യൂട്ട് വിജയിക്കുകയാണെങ്കിൽ വടക്കേ മലബാറിലും കേരളത്തിന്റെ ഇതരമേഖലകളിലും പദ്ധതി വ്യപിപ്പിക്കാനുമാകും.