അലനല്ലൂർ: അലനല്ലൂർ ടൗണിനടുത്തുള്ള കണ്ണംകുണ്ട് മിനി സ്റ്റേഡിയം പരിപാലനമില്ലാതെ നശിക്കുന്നു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഈ മൈതാനത്തെ വർഷങ്ങളായി അധികൃതർ അവഗണിക്കുകയാണ്. പ്രദേശത്തെ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഫുട്‌ബാൾ, ക്രിക്കറ്റ് മേളകൾ നടത്തി ലഭിക്കുന്ന ലാഭവിഹിതം ഉപയോഗിച്ചാണ് മൈതാനം സംരക്ഷിക്കുന്നത്.
എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം മേളകൾ നിലച്ചതോടെ പരിപാലനവും നിലച്ചു. വർഷങ്ങൾക്കു മുമ്പ് മൈതാനത്തിലെ താഴ്ചയുള്ള ഭാഗം പൈക്ക ഫണ്ട് ഉപയോഗിച്ച് കരിങ്കല്ലിൽ കെട്ടിയതല്ലാതെ മറ്റു പ്രവർത്തനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.
കെട്ടിയ ഭാഗത്ത് മണ്ണിട്ട് നികത്താൻ വിവിധ ക്ലബ്ബുകളും പ്രദേശവാസികളും ശ്രമിച്ചെങ്കിലും പൂർത്തിയായില്ല. ഈ ഭാഗമെല്ലാം കാട് പിടിച്ച നിലയിലാണ്. കാട് വളർന്നതോടെ ഇവിടെ മാലിന്യം തള്ളലും നടക്കുന്നുണ്ട്. ഒരു ഏക്കർ 90 സെന്റ് സ്ഥലമുള്ള മൈതാനത്തിന്റെ ഒരു വശത്തിലൂടെ റോഡ് ഉണ്ടെങ്കിലും വാഹനങ്ങൾ പലപ്പോഴും മൈതാനത്തിലൂടെയാണ് കടന്നുപോകുന്നത്. റോഡിൽ നിന്നും വെള്ളം കുത്തിഒലിച്ച് മൈതാനത്തേക്ക് ഒഴുകുന്നുണ്ട്.
വാഹനങ്ങൾ കടന്നുപോകുന്നതോടെ വലിയ ചാലുകൾ രൂപപ്പെടുന്നതും പതിവാണ്. സ്‌കൂൾ മൈതാനങ്ങൾ നിശ്ചലമായതോടെ പ്രദേശത്തെ യുവാക്കളുടെയും കുട്ടികളുടെയും ഏക ആശ്രയമാണ് ഈ മൈതാനം. വളരുന്ന താരങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഇതിനെ നവീകരിക്കണമെന്നും ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.