ചിറ്റൂർ: കൊഴിഞ്ഞാമ്പാറ ജംഗ്ഷനിൽ പെട്രോൾ പമ്പിനു മുന്നിൽ രൂപപ്പെട്ട കുഴി യാത്രക്കാർക്ക് അപകടഭീഷണി. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലക്കാട്- പൊള്ളാച്ചി സംസ്ഥാന പാതയിൽ ടൗണിന്റെ ഹൃദയഭാഗത്താണ് റോഡ് തകർന്ന് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്.
മാസങ്ങൾക്ക് മുൻപ് റോഡ് തകർന്നിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആരോപണം. റോഡ് തകർന്നുണ്ടായ വലിയ കുഴി നിലവിൽ പഴയ ടയർ കൊണ്ട് മൂടിവച്ചിരിക്കുകയാണ്. കുഴിമൂലം ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്.
ഭാരം കയറ്റിയ നിരവധി വാഹനങ്ങൾ രാപകൽ വ്യത്യാസമില്ലാതെ ഈവഴി കടന്നു പോകുന്നുണ്ട്. ഇതിൽ ഏതെങ്കിലും വാഹനത്തിന്റെ ടയർ കുഴിയിൽ പെട്ടാൽ വലിയ അപകടത്തിന് സാദ്ധ്യതയുണ്ട്. സമീപം പെട്രോൾ പമ്പ് കൂടിയുള്ളതിനാൽ അപകടത്തിന്റെ പ്രത്യാഘാതം വലുതാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.
കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി എടുത്ത കുഴി മൂടിയെങ്കിലും ടാറിംഗ് നടത്താത്തതിനാൽ കവലയിൽ കുരുക്ക് അനുഭവപ്പെടുന്നുണ്ട്. വലിയ അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് അധികൃതർ കുഴി നികത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.