പാലക്കാട്: ജില്ലാ പഞ്ചായത്ത് 2015- 2020ൽ നടപ്പിലാക്കിയ ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയെ 'പുഴ പരിപാലനത്തിന് ജനകീയ സംരംഭങ്ങൾ' എന്ന തലത്തിലേക്ക് ഉയർത്താൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഭാരതപ്പുഴ കോർകമ്മറ്റി യോഗത്തിൽ തീരുമാനം.
2018ലെ പ്രളയവും തുടർന്നുണ്ടായ ദുരിതാശ്വാസ പ്രവർത്തനങ്ങളും കൊവിഡ് മഹാമാരിയും പുഴസംരക്ഷണ പദ്ധതി പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായിരുന്നു. പുഴയിലേക്ക് മലിനജലം ഒഴുക്കുന്നത് പൂർണമായും തടയാനും പുഴയുടെയും കൈത്തോടുകളുടെയും തീരസംരക്ഷണത്തിന് ജൈവമുറകൾ സ്വീകരിച്ചുള്ള ജനകീയ പദ്ധതികൾക്ക് 2021- 26 കാലഘട്ടത്തിൽ രൂപം നൽകാനും യോഗത്തിൽ ധാരണയായി.
പുഴപരിപാലന ജനകീയ കൂട്ടായ്മ പ്രാവർത്തികമാക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും സാങ്കേതിക സ്ഥാപനങ്ങൾക്കും വിവിധ സർക്കാർ വകുപ്പുകൾക്കും പുറമെ മേഖലയിൽ ജില്ലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും പരിസ്ഥിതി സംഘടനകളുടെയും സാദ്ധ്യതകൾ ഉപയോഗപ്പെടുത്താനും കോർകമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 20ന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിക്കും.
കോർകമ്മിറ്റി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സുധാകരൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമൻകുട്ടി, കോർ കമ്മിറ്റി അംഗങ്ങളായ ഡോ. കെ. വാസുദേവൻ പിള്ള, വൈ. കല്യാണകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ഭാരതപ്പുഴയിൽ
പുഴ സംരക്ഷണം മുന്നോട്ട്
കൊവിഡ് പ്രതിസന്ധികൾക്കിടയിലും 319 കിലോ മീറ്റർ ദൈർഘ്യമുള്ള ഭാരതപ്പുഴ തടത്തിലെ നീർച്ചാലുകൾ സംരക്ഷിക്കാൻ കഴിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി 49 പച്ചത്തുരുത്തുകൾ സുസ്ഥിരമാക്കി. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഇടപെടലിലൂടെ മാലിന്യ സംസ്‌കരണ സംവിധാനം സംഘടിപ്പിച്ച് പ്ലാസ്റ്റിക് മാലിന്യം പുഴയിലേക്കെത്തുന്നത് തടഞ്ഞു.
ഭാരതപ്പുഴതടത്തിലെ ആകെയുള്ള 304 നീർത്തടങ്ങളിൽ 183 എണ്ണത്തിന്റെ നീർത്തട പ്ലാനുകൾ ഇതിനകം പൂർത്തിയാക്കി. പോഷക നദികളായ ഗായത്രിപ്പുഴയുടെ മുഴുവൻ നീർത്തടങ്ങളും തൂതപ്പുഴയുടെ 90% നീർത്തടങ്ങളും പൂർത്തീകരിക്കാനും ചിറ്റൂർപ്പുഴ തടത്തിലെ ഒമ്പത് നീർത്തടങ്ങളടെ പ്ലാനുകൾ തയ്യാറാക്കാനും സാധിച്ചിട്ടുണ്ട്. ഭാരതപ്പുഴപുനരുജ്ജീവന പദ്ധതി രേഖയിലെ മുഴുവൻ ജലസംരക്ഷണ പ്രവർത്തനങ്ങളും ഭൂസംരക്ഷണ പ്രവർത്തനങ്ങളും നടപ്പിലാക്കാൻ കഴിഞ്ഞു.