നെന്മാറ: അധിനിവേശ സസ്യമായ ആനത്തൊട്ടാവാടി നാട്ടിൻപുറങ്ങളിൽ വ്യാപകമായി പടരുന്നു. പോത്തുണ്ടി പുഴയോരങ്ങൾ, കനാൽ ബണ്ടുകൾ, ഒഴിഞ്ഞു കിടക്കുന്ന പറമ്പുകൾ, വനമേഖല എന്നിവിടങ്ങളിലാണ് ഇവ വ്യാപിക്കുന്നത്. മറ്റ് സസ്യങ്ങൾക്ക് മുകളിലും വേലിപ്പടർപ്പുകളിലും പടർന്ന് ചുരുങ്ങിയ മാസം കൊണ്ട് ആ പ്രദേശം മുഴുവൻ ഇവ വ്യാപിക്കും.
പ്രാദേശിക ഔഷധ സസ്യങ്ങളെയും പുല്ലുകളെയും ആനത്തൊട്ടാവാടി വളരാൻ അനുവദിക്കില്ല. കന്നുകാലി, ആടുവളർത്തൽ എന്നിവ കൊണ്ട് ഉപജീവനം നടത്തുന്നവരാണ് മേച്ചിൽ സ്ഥലങ്ങൾ നഷ്ടപ്പെടുന്നതിനാൽ ഇതിന്റെ ദൂഷ്യഫലം അനുഭവിക്കുന്നത്.
ആനത്തൊട്ടാവാടിയുടെ ഇളം ചെടികളിൽ കൂടുതലായി കണ്ടുവരുന്ന മൈമോസിൽ എന്ന വിഷാംശം ശരീരത്തിലേറ്റാൽ നീർക്കെട്ട്, ശ്വാസതടസം, വിറയൽ, തീറ്റ തിന്നാതിരിക്കൽ, നടക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ബുദ്ധിമുട്ട് വളർത്തുമൃഗങ്ങളിൽ അനുഭവപ്പെടും.
വളർത്തുമൃഗങ്ങളെ തുറന്നുവിട്ട് മേയ്ക്കുന്ന സ്ഥലങ്ങൾ ആനത്തൊട്ടാവാടി മൂലം ഇല്ലാതാകും. പലപ്പോഴും വിഷാംശമേറ്റ് കാലികൾക്ക് ചികിത്സ നടത്തേണ്ടി വരുന്നുമുണ്ട്.
- സുദേവൻ, ക്ഷീര കർഷകൻ
തൊട്ടാവാടിയുടെ കുടുംബത്തിൽപ്പെട്ടതും വിഷമുള്ളതുമാണ് ആനത്തൊട്ടാവാടി. പാണ്ടി തൊട്ടാവാടി എന്ന പേരിലും അറിയപ്പെടുന്ന സസ്യത്തിന്റെ ശാസ്ത്രീയ നാമം മിമോസാ ഡൈപ്ലോട്രിച്ച എന്നാണ്. മൈമോസിൽ എന്ന വിഷാംശം ഉള്ളതിനാൽ വളർത്തുമൃഗങ്ങൾ തിന്നാറില്ല. അബദ്ധത്തിൽ തിന്നാൽ കന്നുകാലികൾക്ക് വയറിളക്കം മുതൽ മരണം വരെ സംഭവിക്കാം.
മദ്ധ്യ അമേരിക്കയാണ് ആനത്തൊട്ടാവാടിയുടെ ജന്മദേശം. രണ്ടു മീറ്റർ വരെ ഉയരത്തിൽ മറ്റു സസ്യങ്ങൾക്കു മേലെ കയറിപ്പിടിച്ചാണ് ഇവ വളരുന്നത്. ഇതിന്റെ തണ്ടിലുടനീളം കാണുന്ന ചെറുമുള്ളുകളും അസഹനീയ വേദനയുണ്ടാക്കും.
മുള്ളുകളേറ്റാൽ ആനയ്ക്കുപോലും വേദന ഉളവാക്കുന്നതിനാലാണ് ഇതിന് ആനത്തൊട്ടാവാടി എന്ന പേരുവന്നതത്രെ. സാധാരണ തൊട്ടാവാടിയെക്കാൾ വലിപ്പം കൂടിയവയാണ്. മറ്റുചെടികൾക്കു വളരാൻ പറ്റാത്ത വിധം നിലത്തോടു പറ്റിച്ചേർന്നാണ് ഈ പാഴ്‌ചെടിയുടെ വളർച്ച.
സ്വാഭാവിക വനമേഖലകളിലും വളർന്ന് പരക്കുന്ന ഈ സസ്യം, ചുരുങ്ങിയ സമയം കൊണ്ട് പൂത്ത്, വിത്ത് കാറ്റിലൂടെയും വെള്ളത്തിലൂടെയും വിതരണം ചെയ്യുന്നതിനാൽ വ്യാപകമായി പടർന്നുപിടിക്കുന്നു. പൊതുസ്ഥലങ്ങളിൽ പടരുന്ന ഇവ മുള്ളുകൾ ഉള്ളതിനാൽ വെട്ടിമാറ്റാനും ഏറെ ബുദ്ധിമുട്ടാണ്.