വടക്കഞ്ചേരി: ശുചിത്വ പരിപാടികൾ നടത്തിയതിനുള്ള 2019- 20 വർഷത്തെ സ്വച്ഛ് ഭാരത് ഇന്റേൺഷിപ്പ് പുരസ്‌കാരം ചിറ്റിലഞ്ചേരി സൃഷ്ടി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് ഏറ്റുവാങ്ങി. മാനവ വിഭവശേഷി മന്ത്രാലയം, യുവജന കാര്യ കായിക മന്ത്രാലയം, കുടിവെള്ള ശുചീകരണ മന്ത്രാലം, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സഹകരണത്തോടെ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ 50 മണിക്കൂർ ഇന്റേൺഷിപ്പ് പദ്ധതി പൂർത്തിയാക്കിയതിനാണ് പുരസ്‌കാരം ലഭിച്ചത്.
പരിസര ശുചീകരണം, പ്ലാസ്റ്റിക് നിർമാർജ്ജനം, ശുചിത്വ ബോധവത്കരണം, ചുമർചിത്ര പ്രദർശനം, ഡോക്യുമെന്ററി പ്രദർശനം, മാലിന്യ സംസ്‌കരണ പരിപാടികൾ, ജലസംരക്ഷണ പരിപാടികൾ എന്നിവ നടത്തിയാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. 20,000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്ന പുരസ്‌കാരം നെഹ്റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ എം. അനിൽകുമാറിൽ നിന്ന് സൃഷ്ടി ക്ലബ് ജനറൽ സെക്രട്ടറി എം. മുജീബ് റഹ്മാൻ ഏറ്റുവാങ്ങി.