padam
മഴയെ തുടർന്ന് നല്ലേപ്പിള്ളിയിൽ കെ.സച്ചിതാനന്ദന്റെ കൊയ്ത്തിനു പാകമായ നെൽച്ചെടികൾ വീണു കിടക്കുന്നു.

ചിറ്റൂർ: വിളവെടുപ്പ് സമയത്തുണ്ടായ കനത്ത മഴയിൽ നെൽച്ചെടികൾ വീണുനശിക്കുന്നു. ഒന്നാംവിളയുടെ തുടക്കം മുതൽ പലവിധ പ്രതിസന്ധികളെ നേരിടേണ്ടി വന്ന കർഷകർക്ക് ഇതു കൂടിയായതോടെ വൻ തിരിച്ചടിയാണ്. പ്രദേശത്തെ നെൽപ്പാടങ്ങളിൽ ഓലകരിച്ചൽ, മഞ്ഞളിപ്പ്, വരിപ്പൂ, വിത്തിൽ കലർന്ന മൂപ്പ് കുറഞ്ഞ നെല്ല് മുമ്പേ കതിരായത് തുടങ്ങിയവയാണ് വിള ഇറക്കിയതു മുതൽ നാശത്തിന്റെ രൂപത്തിൽ കർഷകരെ ദുരിതത്തിലാക്കിയത്. ഈ സീസണിൽ ആദ്യം വിതച്ചത് കൊയ്‌തെടുത്ത കർഷകർക്കാണെങ്കിൽ പാതി പതിരാണ് ലഭിച്ചത്. സാധാരണ ഒരേക്കറിൽ നിന്നും കിട്ടിയിരുന്ന നെല്ലിന്റെ 50- 60 ശതമാനം മാത്രമാണ് പലർക്കും ഇക്കുറി ലഭിച്ചിട്ടുള്ളത്. നിലവിൽ ഭൂരിഭാഗം കർഷകർക്കും കനത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.