മണ്ണാർക്കാട്: ജനങ്ങൾക്ക് ഭീഷണിയായി ഇൻഷ്വറൻസും ഫിറ്റ്നസുമില്ലാതെ കെ.എസ്.ആർ.ടി.സി ബസുകളുടെ സർവീസ്. പൊതു ജനങ്ങൾ നിയമം ലംഘിച്ചാൽ പിഴയും ശിക്ഷയും ഉൾപ്പെടെ നിയമനടപടിയെടുക്കുന്ന അധികൃതർ സർക്കാർ ഗതാഗത വകുപ്പിന്റെ നിയമ ലംഘനം കണ്ടില്ലെന്ന് നടിക്കുന്നു. കഴിഞ്ഞ ദിവസം മണ്ണാർക്കാട് കോടതിപ്പടിയിൽ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു.
ബൈക്കിലിടിച്ച കെ.എൽ. 15 - 9520 എന്ന കെ.എസ്.ആർ.ടി.സി ബസിന് ഇൻഷ്വറൻസില്ലെന്നാണ് വിവരം. 2020 ജൂൺ ഏഴിന് ഇൻഷ്വറൻസ് കാലാവധി അവസാനിച്ച ബസ് ഒരു വർഷമായി നിരന്തരം സർവീസ് നടത്തുന്നുണ്ട്. ബസിന്റെ ഫിറ്റ്നസ് കാലാവധി കഴിഞ്ഞതായും രേഖകളിൽ വ്യക്തമാകുന്നു.
ഇൻഷ്വറൻസ് പരിരക്ഷയില്ലാത്തതിനാൽ അപകടം സംഭവിച്ചാൽ അപകടത്തിൽപ്പെടുന്ന വ്യക്തികൾക്ക് നഷ്ടപരിഹാരം/ചികിത്സാത്തുക എന്നിവയ്ക്ക് ബുദ്ധിമുട്ടാകും. ലോക്ക് ഡൗൺ കാലത്തും ശേഷവും സാധാരണക്കാരനെ മോട്ടോർ വാഹന നിയമ ലംഘനത്തിന്റെ പേരിൽ പിഴിയുമ്പോഴും കെ.എസ്.ആർ.ടി.സിയുടെ നിയമലംഘനം അധികൃതർ തടയുന്നില്ലെന്നതിൽ പൊതുജനങ്ങൾക്കും വ്യാപക പരാതിയുണ്ട്.
അതിദയനീയം
ഏകദേശം നാലോ അഞ്ചോ വർഷങ്ങളിലധികം പഴക്കമുള്ള പല കെ.എസ്.ആർ.ടി.സി ബസുകൾക്കും ഇൻഷ്വറൻസ് പരിരക്ഷയില്ല. സാമ്പത്തിക ബാദ്ധ്യത കാരണം പ്രീമിയം അടയ്ക്കാൻ കഴിയില്ല എന്നതാണ് ബോർഡ് തീരുമാനം. അപകടം സംഭവിച്ച് കോടതി വിധി വന്നാൽ മാത്രം നഷ്ടപരിഹാര തുക നൽകുക എന്നതാണ് നിലവിലെ അവസ്ഥ.
കെ.എസ്.ആർ.ടി.സി ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക് മണ്ണാർക്കാട്: കോടതിപ്പടിയിൽ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു. മലമ്പുഴ സ്വദേശി കരടിയോട് പാറയിൽ ജോർജിന്റെ മകൻ സാജനാണ് (22) പരിക്കേറ്റത്. പെരിന്തൽമണ്ണയിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു സാജൻ. ഗുരുതര പരിക്കേറ്റ സാജനെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.