തൃത്താല: തൃത്താലയിൽ ഐ.ടി.ഐ ആരംഭിക്കുന്നതിനുള്ള താത്കാലിക കെട്ടിടം സ്പീക്കർ എം.ബി. രാജേഷ് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. നാഗലശ്ശേരി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന തൃത്താല കോ - ഓപറേറ്റീവ് കോളേജിൽ ഐ.ടി.ഐയുടെ തിയറി ക്ലാസുകളും പഞ്ചായത്തിന്റെ കാർഷിക വിപണന കേന്ദ്രത്തിന്റെ കെട്ടിടത്തിൽ വർക് ഷോപ്പുകളും താത്കാലികമായി സജ്ജമാക്കും. ഇതിനായുള്ള പ്രാഥമിക സമ്മതപത്രം ബന്ധപ്പെട്ടവർക്ക് കൈമാറി. ഈ അദ്ധ്യയന വർഷം തന്നെ ഐ.ടി.ഐയിൽ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള ഊർജ്ജിത ശ്രമമാണ് നടത്തുന്നത്.
തൃത്താല കോ- ഓപറേറ്റീവ് കോളേജ് ചെയർമാനും മുൻ എം.എൽ.എയുമായ വി.കെ. ചന്ദ്രൻ , മുൻ എം.എൽ.എ ടി.പി. കുഞ്ഞുണ്ണി, നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.വി. ബാലചന്ദ്രൻ, പി.എൻ. മോഹനൻ, ഡയറക്ടർമാരായ ശാരദ, മുഹമ്മദ് മാസ്റ്റർ, പ്രിൻസിപ്പൽ ബാലൻ മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു. ഐ.ടി.ഐക്ക് സ്ഥിരം കാമ്പസ് ആരംഭിക്കുന്നതിനായി വാവനൂരിൽ 1.7 ഏക്കർ സ്ഥലം വകുപ്പിന് കൈമാറുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.