ഷൊർണൂർ: കൊവിഡ് ലോക്ക് ഡൗണിൽ പാസഞ്ചർ വണ്ടികളെല്ലാം റദ്ദാക്കിയ ഷൊർണൂർ - നിലമ്പൂർ റൂട്ടിൽ നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന രാജ്യറാണിക്ക് ഷൊർണൂരിനും നിലമ്പൂരിനുമിടക്ക് കൂടുതൽ സ്റ്റോപ്പ് വേണെന്ന ആവശ്യം ശക്തം. ഏഴ് മുതൽ സർവീസ് ആരംഭിക്കണമെന്ന കോട്ടയം- നിലമ്പൂർ എക്സ്പ്രസിനും കൂടുതൽ സ്റ്റോപ്പുകൾ വേണമെന്നാണ് ആവശ്യം.

കഴിഞ്ഞ മാസം മുപ്പത് മുതൽ റിസർവേഷൻ ആരംഭിച്ച തോടെയാണ് യാത്രക്കാരിൽ ആവശ്യം ശക്തമാകുന്നത്. കോട്ടയത്ത് നിന്നും രാവിലെ 5.15 ന് പുറപ്പെടുന്ന ട്രെയിൻ 11.45 ന് നിലമ്പൂർ റോഡിൽ എത്തും. തിരികെ നിലമ്പൂരിൽ നിന്നും വൈകിട്ട് 3.10 ന് തുടങ്ങി രാത്രി 10.15നാണ് കോട്ടയത്ത് എത്തുക. പാസഞ്ചർ വണ്ടികൾ ഇല്ലാത്തതിനാൽ നിലമ്പൂർ യാത്ര ഏറെ ദുഷ്‌കരമാണ്.

കൊച്ചുവേളി എക്സ്പ്രസ് രാത്രികാല ഓട്ടമായതിനാൽ യാത്രക്കാർക്ക് ഉപകാരപ്പെടുന്നില്ല. നിലമ്പൂർ - കോട്ടയം എക്സ്പ്രസ് നിലമ്പൂർ വിട്ടാൽ വാണിയമ്പലം, അങ്ങാടിപ്പുറം, ഷൊർണൂർ എന്നിവിടങ്ങളിൽ മാത്രമേ സ്റ്റോപ്പുള്ളൂ. തിരുവനന്തപുരം ഡിവിഷനിലെത്തിയാൽ വള്ളത്തോൾ നഗർ, വടക്കാഞ്ചേരി, മുളങ്കുന്നത്തുകാവ്, പൊൻകുന്നം, തൃശൂർ, പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി, കറുകുറ്റി, അങ്കമാലി, ആലുവ, കളമശ്ശേരി, ഇടപ്പള്ളി, എറണാംകുളം ടൗൺ, തൃപ്പൂണിത്തുറ, മുളന്തുരുത്തി, പിറവം റോഡ്, വൈക്കം റോഡ്, കറുപ്പന്ത്ര, ഏറ്റുമാനൂർ, കോട്ടയം ഇത്രയും സ്റ്റോപ്പുകളുണ്ട്. ഷൊർണൂരിനും നിലമ്പൂരിനുമിടയിലെ ചെറിയ സ്റ്റേഷനുകളിൽ കൂടി സ്റ്റോപ്പ് അനുവദിക്കണെന്നാണ് യാത്രക്കാരുെടെ ആവശ്യം.