പാലക്കാട്: എല്ലാവർക്കും വിവര സാങ്കേതികവിദ്യയുടെ സൗകര്യം ലഭ്യമാക്കി ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വേർതിരിവ് ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമമെന്ന് കേന്ദ്രവിദേശകാര്യ സഹ മന്ത്രി വി. മുരളീധരൻ. മലമ്പുഴ പഞ്ചായത്തിൽ ഓൺലൈൻ പഠനത്തിന് നെറ്റ്വർക്ക് ലഭ്യമല്ലാത്ത 13 വനവാസി കോളനികളിലേക്കുള്ള സൗജന്യ വൈഫൈ കണക്ഷൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് മഹാമാരിയെ തുടർന്ന് വിദ്യാർത്ഥികളുടെ പഠനം ഓൺലൈനായെങ്കിലും അതിന് സൗകര്യമില്ലാത്ത നിരവധി പ്രദേശങ്ങളും വിദ്യാർത്ഥികളും നമുക്കിടയിലുണ്ട്. മുൻകാലങ്ങളിൽ സാമ്പത്തികമായി ഉയർന്നവനും താഴ്ന്നവനും എന്ന വേർതിരിവുണ്ടായിരുന്നു. ഇന്നത് വിവരസാങ്കേതിക വിദ്യയുടെ സൗകര്യമുള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവുണ്ടാക്കി.
ആ വിഭജനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് മലമ്പുഴ പഞ്ചായത്തിലെ 13 കോളനികളിൽ വൈഫൈ സംവിധാനം ഏർപ്പെടുത്തിയത്.

ലോക്ഡൗൺ കാലഘട്ടത്തിൽ സൗജന്യ റേഷൻ, പാവപ്പെട്ടവരുടെ ചികിത്സയ്ക്ക് വിവിധ പദ്ധതികൾ തുടങ്ങി സാധാരണക്കാരുടെ പ്രശ്നങ്ങൾക്കും ആവശ്യങ്ങൾക്കും പരിഹാരം കണ്ടെത്താനുള്ള നടപടിക്രമങ്ങളാണ് വി. മുരളീധരൻ പറഞ്ഞു.

പറക്കുളം, വെള്ളരുത്താമ്പൊറ്റ, എലിവാൽ, കൊല്ലംകുന്ന്, കിളിയാക്കാട്, പൂക്കുണ്ട്, മുതുകുളം, ആനക്കല്ല്, അയ്യപ്പൻപൊറ്റ, മേട്ടുപ്പതി, പറച്ചാത്തി, അടപ്പ്, പള്ളിപ്പാറ എന്നീ കോളനികളിലാണ് വൈഫൈ കണക്‌ഷൻ എത്തിയത്. ഓരോ കോളനികളിലും 35 40 കുട്ടികൾക്ക് വൈഫൈ സൗകര്യം ഉപയോഗിക്കാൻ കഴിയും. മണ്ഡലം പ്രസിഡന്റ് എം. സുരേഷ് അദ്ധ്യക്ഷനായി. സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാർ, എ. നാഗേഷ്, പി. വേണുഗോപാൽ, ടി.കൃഷ്ണദാസ്, ഗണേശ് എന്നിവർ പങ്കെടുത്തു.