മണ്ണാർക്കാട്: പ്രശസ്തനാടക പ്രവർത്തകനും കവിയുമായ അരിയൂർ രാമകൃഷ്ണനെ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാർ ആദരിച്ചു. ബ്ലോക്ക് ക്ലസ്റ്റർ കൺവീനറും യുവ നാടൻകലാ പ്രവർത്തകനുമായ അനീഷ് മണ്ണാർക്കാട് രാമകൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു. കലാമണ്ഡലം ജയപ്രസാദ്, കലാനിലയം രാജീവ്, സദനം ജിതിൻ, രമേഷ് മണ്ണാർക്കാട്, പ്രതിഭ മേനോൻ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ 37 വർഷമായി നാടകരംഗത്തെ അമേച്വർ, പ്രൊഫഷണൽ, പ്രക്ഷേപണം എന്നീ മേഖലകളിലെ പ്രവർത്തനത്തെ കണക്കിലെടുത്ത് രാമകൃഷ്ണന് കഴിഞ്ഞ ദിവസം പട്ടാമ്പി കനിവ് സാംസ്‌കാരിക വേദിയുടെ പ്രഥമ നിള പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. നടൻ, സംവിധായകൻ, പ്രോഗ്രാം ഏജന്റ്, റേഡിയോ ആർട്ടിസ്റ്റ്, സാഹിത്യകാരൻ എന്നീ നിലകളിലും സജീവ സാന്നിദ്ധ്യമായ രാമകൃഷ്ണൻ നാടിന്റെ സാംസ്‌കാരിക രംഗത്തേക്ക് കാലുറപ്പിക്കുന്ന പുതിയ വ്യക്തികൾക്ക് വലിയ പ്രചോദനമാണെന്ന് അനീഷ് മണ്ണാർക്കാട് പറഞ്ഞു.