ചെർപ്പുളശ്ശേരി: വിവിധ കലാകാരൻമാരെ ചിക്കാഗോയിലെ ക്ഷേത്രത്തിൽ കൊണ്ടുപോയി പരിപാടി അവതിരിപ്പാക്കാമെന്നും ഇവന്റ് കോ- ഓർഡിനേറ്റർ ആക്കാമെന്നും പറഞ്ഞ് 1,95,800 രൂപ വാങ്ങി വഞ്ചിച്ച കേസിൽ കൊപ്പം ആമയൂർ വള്ളൂർ ലക്ഷ്മി സദൻ വീട്ടിൽ രവി നായരെ (48) പൊലീസ് അറസ്റ്റ്ചെയ്തു. മറ്റുപലരിൽ നിന്നുമായി പ്രതി സമാന രീതിയിൽ 561100 രൂപ തട്ടിയെടുത്തതായും അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി ചെർപ്പുളശ്ശേരി സി.ഐ എം. സുജിത് പറഞ്ഞു. അമേരിക്കയിൽ ഉയർന്ന ബന്ധമുണ്ടെന്നും ഭരണസമിതിയിൽ സ്വാധീനമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പല ഒഴിവുകൾ പറഞ്ഞ് പണം തിരികെ നൽകാതെ വന്നപ്പോഴാണ് വഞ്ചിക്കപ്പെട്ടവർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മംഗലാപുരത്തിനു സമീപം ഒളിവിൽ താമസിക്കുകയായിരുന്ന പ്രതിയെ എസ്.ഐ. അബ്ദുൾ സലാം, എസ്.സി.പി.ഒ. ഗോവിന്ദൻകുട്ടി, സി.പി.ഒ. കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.