പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളെ പറ്റിച്ച് പണം തട്ടിയെടുത്ത് ഒളിവിലായിരുന്നയാൾ പിടിയിൽ. മങ്കര വെള്ളറോഡ് പെരമ്പറ വീട്ടിൽ ഷാഹുൽ ഹമീദ് (52) ആണ് ടൗൺ നോർത്ത് പൊലീസിന്റെ പിടിയിലായത്. പാലക്കാട് ജില്ലയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആളുകൾക്ക് വിദേശത്ത് ജോലി ശരിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങിയ ശേഷം ജോലി നൽകാതെയും വാങ്ങിയ പണം തിരിച്ചു നൽകാതെയും ജനങ്ങളെ പറ്റിച്ചു നടക്കുകയായിരുന്നു. ഇത്തരത്തിൽ ജനങ്ങളെ പറ്റിച്ച് അനധികൃതമായി ധാരാളം പണം സമ്പാദിച്ച ഷാഹുൽ ഹമീദിനെതിരെ നിരവധി കേസുകളും പരാതികളും ഉണ്ട്. ഏറെനാളത്തെ പരിശ്രമത്തിനൊടുവിൽ പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്തുവച്ചാണ് പ്രതിയെ പിടികൂടിയത്. വിദേശത്ത് നല്ല വരുമാനമുള്ള ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി ഉദ്യോഗാർത്ഥികളിൽ നിന്നും പതിനായിരങ്ങൾ വാങ്ങിയിരുന്നത്. പണം നഷ്ടപ്പെടുകയും ജോലി ലഭിക്കാതെ വഞ്ചിക്കപ്പെടുകയും ചെയ്ത ഉദ്യോഗാർത്ഥികളുടെ പരാതിപ്രകാരമാണ് സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതിക്കെതിരെ ടൗണ് നോർത്ത് സ്‌റ്റേഷനിൽ മൂന്നു കേസുകളുണ്ട്. ടൗൺ സൗത്ത് സ്‌റ്റേഷനിൽ 18 കേസുകളും നിലവിലുണ്ട്. പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ ക്സ്റ്റഡിയിൽ റിമാൻഡിൽ വിട്ടു.
ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം പാലക്കാട് ഡിവൈ.എസ്.പി പി.സി.ഹരിദാസന്റെ മേൽനോട്ടത്തിൽ ടൗൺ നോർത്ത് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ആർ.സുജിത്കുമാർ, സബ് ഇൻസ്‌പെക്ടർ സി.കെ. രാജേഷ്, ജി.എ.എസ്.ഐ ടി.എ.മുഹമ്മദ് ഫാറൂഖ്, എസ്.സി.പി.ഒ പി.എച്ച്.നൗഷാദ്, ബി.ശശികുമാരൻ, സി.പി.ഒമാരായ ആർ.രഘു, സുരേഷ്‌കുമാർ, എം.മഹേഷ് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.