പാലക്കാട്: ജില്ലാ വനിതാ ശിശു ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ വധഭീഷണി മുഴക്കുകയും ഉപകരണങ്ങൾ തകർക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. നൂറണി പനങ്ങാട്ട് തെരുവ് സ്വദേശികളായ മൻസൂർ (40), അക്ബർ (41), സാദിഖ് (42) എന്നിവരാണ് പിടിയിലായത്.

വ്യാഴാഴ്ച രാത്രി 11.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളിൽ ഒരാളുടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചത്. യുവാക്കൾ ഫാർമസിയുടെ ജനൽ ചില്ലുകൾ തകർത്തു. അമ്മയെ കുട്ടിക്കൊപ്പം ആശുപത്രിയിലേക്ക് കയറ്റിയെങ്കിലും കൊവിഡ് മാനദണ്ഡമുള്ളതിനാൽ കൂടുതൽ പേരെ അകത്തുകയറ്റാനാകില്ലെന്ന് അധികൃതർ നിലപാട് എടുത്തു. ഇതോടെ യുവാവും ഒപ്പ മുണ്ടായിരുന്നവരും ബഹളം വയ്ക്കുകയും അക്രമത്തിലേക്ക് തിരിയുകയുമായിരുന്നു. മൻസൂർ കൊലപാതകശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ഇൻസ്പെക്ടർ ഷിജു എബ്രഹാം, ഗ്രേഡ് എസ്‌.ഐ ഷേണു, സീനിയർ സി.പി.ഒ എം സുനിൽ, സി.പി.ഒമാരായ എച്ച് ഷാജഹാൻ, വിനോദ്, പീയുഷ്, സതീഷ്, ഷൈജു എന്നിവരാണ് പ്രതികളെ പിടികൂടിയത്.