rto
ക്വിക്ക് റെസ്‌പോൺസ് ടീം എം.വി.ഡി എന്ന പേരിൽ മോട്ടോർ വാഹന വകുപ്പിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച കൂട്ടായ്മ ബ്ലോക്ക് മെമ്പർ ജിത്തു ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: ഗാന്ധിജയന്തിയോട് അനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സീറോ ആക്സിഡന്റ് ചാലഞ്ച് ദൗത്യത്തിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി അനുദിനം വർദ്ധിക്കുന്ന റോഡ് അപകടങ്ങൾ പരമാവധി കുറയ്ക്കാനും അപകടാനന്തര പരിക്കിന്റെ വ്യാപ്തി കുറക്കാനും പൊതുജനകളെ ഉൾപ്പെടുത്തി ക്യു.ആർ.ടി (ക്വിക്ക് റെസ്‌പോൺസ് ടീം) എം.വി.ഡി എന്ന പേരിൽ മോട്ടോർ വാഹന വകുപ്പിന്റെ മേൽനോട്ടത്തിൽ കൂട്ടായ്മ രൂപീകരിച്ചു.

പദ്ധതി ജില്ല മുഴുവൻ വ്യാപിപ്പിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് പാലക്കാട് വിംഗിന്റെ ആഭിമുഖ്യത്തിൽ ആദ്യഘട്ടം പാലക്കാട് മുതൽ കുളപ്പുള്ളി വരെ പരീക്ഷണ അടിസ്ഥാനത്തിൽ പ്രാവർത്തികമാക്കാൻ ഉദ്ദേശിച്ച് യോഗം ചേർന്നു. യോഗം ബ്ലോക്ക് മെമ്പർ ജിത്തു ഉദ്ഘാടനം ചെയ്തു. പാലക്കാട് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ: എം.കെ. ജയേഷ് കുമാർ, എം.വി.ഐ പി.എം. രവികുമാർ, എ.എം.വി.ഐമാരായ കെ. ദേവീദാസൻ, എ. അനിൽകുമാർ, കെ. പ്രദീപ് കുമാർ, പാലക്കാട് ടൗൺ മുതൽ ഒറ്റപ്പാലം വരെയുള്ള സന്നദ്ധപ്രവർത്തകർ, ഡ്രൈവർമാർ, വ്യാപാരികൾ, ട്രോമ കെയർ, മങ്കര പഞ്ചായത്ത് ഹെൽപ് ഡെസ്‌ക് ടീം എന്നിവർ പങ്കെടുത്തു.

ക്വിക്ക് റെസ്‌പോൺസ് ടീം എന്ന പേരിൽ ഒരു അഡ്‌ഹോക് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, ആരോഗ്യം, പി.ഡബ്ലിയു.ഡി, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയെ കൂടി സംയോജിപ്പിച്ച് കുളപ്പുള്ളി മുതൽ പാലക്കാട് വരെയുള്ള ഹൈവേ 2022 ഒക്‌ടോബർ രണ്ടിന് അപകടരഹിത പാതയായി പ്രഖ്യാപിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹനവകുപ്പ്. അച്യുതൻകുട്ടി, പ്രത്യുഷ്, ആദംമോൻ പത്തിരിപ്പാല, ജോതിസ് പത്തിരിപ്പാല, പ്രഭുദാസ്, ജാഫർ മാളിയേക്കൽ എന്നിവർ സംസാരിച്ചു.